തിരുവനന്തപുരം: കേരളത്തിൽ കേന്ദ്രപദ്ധതികൾ യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിന്റെ വികസനം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്നും മറ്റ് സംസ്ഥാനങ്ങൾ പോലെ കേരളം വികസിച്ചില്ല എന്ന കാര്യത്തിൻ മുന്നണികൾ ജനങ്ങളോട് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിൽ ഒരു ദേശീയപാത ഉണ്ടാകുന്നതിന് നരേന്ദ്രമോദി അധികാരത്തിൽ വരേണ്ടിവന്നു. മൂന്ന് ലക്ഷം കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകിയത്. അടുത്ത വർഷത്തെ ബജറ്റ് രണ്ട് ലക്ഷം കോടിയായിരിക്കും. ഒരു വർഷത്തെ കേരളത്തിലെ ബജറ്റിനേക്കാൾ കൂടുതലാണിത്. ഒരു പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിന് ശേഷമാണ് അതിന്റെ ക്രെഡിറ്റിന് വേണ്ടി രാഷ്‌ട്രീയ പാർട്ടികൾ മത്സരിക്കുന്നത്. കേരളം വികസിക്കണമെങ്കിൽ ബിജെപി വിജയിക്കണം. നിലമ്പൂരിൽ ബിജെപി വരണം.
നിലമ്പൂർ റെയിൽവേ സ്റ്റേഷൻ അമൃത് സ്റ്റേഷന്റെ ഭാഗമായാണ് നിർമിച്ചത്. നിലമ്പൂർ ബൈപ്പാസ് 30 വർഷമായി വാഗ്ദാനമായി മാത്രം നിൽക്കുകയായിരുന്നു. അത് യാഥാർത്ഥ്യമായത് മോദി സർക്കാർ വന്നതിന് ശേഷമാണ്.
വികസനം കൊണ്ടുവരുമ്പോൾ തടയും എന്നതാണ് സിപിഎമ്മിന്റെ നിലപാട്. വ്യവസായശാലകൾ പൂട്ടും പൂട്ടിക്കും എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. 30 വർഷകാലം കേരളത്തിലെ ഇടത്-വലത് സർക്കാർ ശ്രമിച്ചിട്ടും വിഴിഞ്ഞം തുറമുഖം നടന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















