18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രം റി റിലീസ് ചെയ്യുമ്പോൾ.. എത്ര ഓളമുണ്ടാകും..! അതൊരു മോഹൻലാൽ ചിത്രമാണെങ്കിലോ…! എങ്കിൽ തിയേറ്റർ കുലുങ്ങും. അക്ഷരാർത്ഥത്തിൽ അതാണ് കേരളത്തിലെ തിയേറ്ററുകളിലെ അവസ്ഥ. ഛോട്ടാ മുംബൈ വീണ്ടുമെത്തിയതോടെ ഒരു ഉത്സവ പ്രതീതിയാണ് ബിഗ് സ്ക്രീനിൽ.
ബുക്കിംഗിലും ആ തരംഗം പ്രതിഫലിക്കുന്നുണ്ട്. പ്രായഭേദമന്യേ ആരാധകർ തിയേറ്ററിലെത്തി മുൻപ് നഷ്ടമായ അവസരം ആഘോഷമാക്കുന്നുണ്ട്. തലയെ മാത്രമല്ല, മുള്ളൻ ചന്ദ്രപ്പനെയും പാമ്പ് ചാക്കോച്ചനെയും മണിച്ചേട്ടന്റെ നടേശനെയും പടക്കം ബഷീറിനെയുമൊക്കെ ഇന്നത്തെ തലമുറ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
2007 ഏപ്രിൽ ഏഴിന് അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 4കെ ദൃശ്യമികവോടെയാണ് തിയേറ്ററിലെത്തിയത്. നിർമാതാവായ മണിയൻ പിള്ള രാജുവിന്റെ ആഗ്രഹമായിരുന്നു ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററിലെത്തിക്കണമെന്നുള്ളത്. രാഹുൽ രാജിന്റെ ഗാനങ്ങൾ തിയേറ്ററിൽ വെടിക്കെട്ടിന് മാറ്റുകൂട്ടുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബുഗ് മൈ ഷോയിലൂടെ 25,000 ലേറെ ടിക്കറ്റുകളാണ് വിറ്റു പോയത്. ആദ്യ ദിനത്തിലെ കളക്ഷൻ 40 ലക്ഷമാണെങ്കിൽ നിലവിൽ ഒരു കോടിയിലേക്ക് കളക്ഷൻ കുതിക്കുന്നതായാണ് റിപ്പോർട്ടുകൾ.















