ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും അഭിഭാഷകയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു.ലഖ്‌നൗവിലെ ‘ദി സെൻട്രം’ ഹോട്ടലിലായിരുന്നു ചടങ്ങുകൾ. പരസ്പരം കൈകോർത്ത് പിടിച്ചാണ് റിങ്കുവും പ്രിയയും ഹാളിലെത്തിയത്. വേദിയിൽ കയറിയ ഉടനെ പ്രിയ സരോജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.
ചടങ്ങിന് മുൻപ് റിങ്കു സിംഗും കുടുംബവും യുപിയിലെ ചൗധേര വാലി വിചിത്ര ദേവി ക്ഷേത്രത്തിലെത്തിയിരുന്നു. ക്രിക്കറ്റിൽ നിന്നും രാഷ്‌ട്രീയത്തിൽ നിന്നും നിരവധി പ്രമുഖരാണ് ചടങ്ങിനെത്തിയത്. വെജിറ്റേറിയൻ ഭക്ഷണമാണ് അതിഥികൾക്ക് വിളംബിയത്. മുന്നൂറ് പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്.
അഖിലേഷ് യാദവ്, ഡിംപിൾ യാദവ്, ജയാ ബച്ചൻ, ശിവ്പാൽ യാദവ്, പ്രവീൺ കുമാർ,രാജീവ് ശുക്ല തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ ടി20 ടീമിന്റെ ഭാഗമായ റിങ്കു ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് കളിക്കുന്നത്. ഇത്തവണ താരത്തിന് 14 മത്സരങ്ങളിൽ നിന്ന് 206 റൺസ് നേടാനാണ് സാധിച്ചത്.















