ന്യൂഡൽഹി: 11 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൗരന്മാരുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നിർമാതാവ് സുഭാഷ് ഘായ്. പ്രധാനമന്ത്രി രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുക മാത്രമല്ലെന്നും ജനങ്ങളുടെ ചിന്താഗതിയിൽ തന്നെ മാറ്റം വരുത്തുകയാണ് ചെയ്തതെന്നും സുഭാഷ് ഘായ് പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പതിനൊന്ന് വർഷം മുമ്പ് നിർമിച്ച ഒരു സിനിമയുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
പതിനൊന്ന് വർഷം മുമ്പ് ‘കാഞ്ചി’ എന്നൊരു സിനിമ നിർമിച്ചു. ആ സിനിമയുടെ ക്ലൈമാക്സിന് വേണ്ടി ഒരു ഗാനം എഴുതി. ഇതൊരു മികച്ച രാജ്യമാണോ എന്നതായിരുന്നു ഗാനത്തിലൂടെ ഞങ്ങൾ ചോദിച്ചത്. കാരണം, രാജ്യത്ത് അന്ന് നിരാശയുടെ അന്തരീഷമാണ് ഉണ്ടായിരുന്നത്. അതിനാലാണ് അങ്ങനെയൊരു ഗാനം എഴുതേണ്ടിവന്നത്. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ എല്ലാത്തിലും മാറ്റംവന്നു.
രാജ്യത്തിന്റെ വികസനം മാത്രമല്ല അദ്ദേഹം ആഗ്രഹിച്ചത്. രാജ്യത്ത് വികസനം ഉണ്ടാകുന്നതിനോടൊപ്പം ജനങ്ങളുടെ ചിന്താഗതിയും മാറണമെന്ന് പ്രധാനമന്ത്രി ആഗ്രഹിച്ചു. അടിസ്ഥാന സൗകര്യത്തിലായാലും സാങ്കേതിക തലത്തിലായാലും പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഓരോ മൂന്ന്, നാല് വർഷം കഴിയുമ്പോഴും രാജ്യത്തിന്റെ വളർച്ച വ്യക്തമായിരുന്നു. ഇന്ന് എല്ലാവരും ദേശസ്നേഹികളായി മാറിയിരിക്കുകയാണ്.
ഏതൊരു ശത്രുവിനെതിരെയും പോരാടാൻ നമുക്ക് സാധിക്കും. ഇന്ന് വിദേശത്തേക്ക് പോകുമ്പോഴെല്ലാം ഇന്ത്യക്കാർക്ക് ലഭിക്കുന്ന ബഹുമാനം മുമ്പൊരിക്കലും കിട്ടിയിരുന്നില്ല. ഇന്ത്യക്കാരെ ദരിദ്ര രാജ്യത്ത് നിന്നുള്ളവരെ പോലെയാണ് അവർ നോക്കിയിരുന്നത്. എന്നാൽ ഇന്ന് അവരെല്ലാം ബഹുമാനത്തോടെയാണ് നമ്മളെ കാണുന്നത്. എല്ലാ മേഖലയിലും ഉണ്ടായ മാറ്റത്തിന് പ്രധാനമന്ത്രിയോടും സർക്കാരിനും നന്ദി അറിയിക്കുന്നുവെന്നും സുഭാഷ് ഘായ് പറഞ്ഞു.















