ചെന്നൈ: തമിഴ്‌നാട്ടിലെ കൊടൈക്കനാലിനടുത്ത് 29 കാരനായ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ സ്വയം വിഷം കുത്തിവച്ച് മരിച്ച നിലയിലായിരുന്നു മൃതദേഹം. ദിണ്ടിഗൽ ജില്ലയിലെ വേദചന്ദൂർ സ്വദേശി ജോഷ്വ സാംരാജാണ് മരിച്ചത്. ഇയാൾ രണ്ടാം വർഷ മെഡിക്കൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
ഓൺലൈൻ ചൂതാട്ടത്തിലൂടെ ഉണ്ടായ വലിയ കടബാധ്യതയാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ഫിലിപ്പീൻസിൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ ജോഷ്വ തമിഴ്‌നാട്ടിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇയാളെ നാല് ദിവസം മുമ്പ് കാണാതായതായി ബന്ധുക്കൾ വേദചന്ദൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിനിടെ പൂമ്പാറയ്‌ക്ക് സമീപം ദിവസങ്ങളായി പാർക്ക് ചെയ്തിരുന്ന കാർ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ ജോഷ്വായെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കയ്യിലേക്ക് ലഹരി മരുന്ന് കുത്തി വച്ചനിലയിൽ ഡ്രിപ്പ് ഘടിപ്പിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് സൂചിപ്പിക്കുന്ന ബാങ്ക് ഇടപാട് രേഖകൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.















