…ആർ.കെ രമേഷ്…
ഫ്രഞ്ച് ഓപ്പൺ കണ്ട ഏറ്റവും വലിയ തിരിച്ചുവരവിലൂടെ ചാമ്പ്യനായ സ്പാനിഷ് താരം കസേരവലിച്ചിട്ട് ഇരിപ്പുറപ്പിക്കുന്നത് തന്റെ മുൻഗാമിയായ റാഫേൽ നദാലിനൊപ്പം തന്നെ. 22 വയസും ഒരുമാസവും മൂന്നു ദിവസവും പിന്നിടുമ്പോൾ അഞ്ചു ഗ്രാൻഡ് സ്ലാമുകളാണ് കാർലോസ് അൽകാരസ് ജയിച്ചത്. മുൻപേ ഈ നേട്ടം സ്വന്തമാക്കിയതാകട്ടെ അൽകാരസിന്റെ ആരാധനാപാത്രമായ നദാൽ തന്നെയാണ്. ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നറിനെതിരെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലുള്ള ജയത്തോടെയാണ് രണ്ടാം നമ്പർ താരം ചരിത്രത്തിലേക്കൊരു സ്മാഷ് ചെയ്തത്.
പാരീസിലെ കളിമൺ കോർട്ടിൽ ആദ്യ രണ്ടു സെറ്റ് സ്വന്തമാക്കിയ സിന്നർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഇതുപോലൊരു പരാജയം. ആവനാഴിയിലെ സർവ ആയുധങ്ങളും അൽകാരസിന് നേരെ പ്രയോഗിച്ചെങ്കിലും 22-കാരനെ തളയ്‌ക്കാൻ അതു മതിയാകുമായിരുന്നില്ല.അഞ്ചര മണിക്കൂർ നീണ്ട പോരാട്ടം മൂന്നു തവണയാണ് ടൈബ്രേക്കറിലേക്ക് പോയത്.
ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലും ഇതോടെ പിറവിയെടുത്തു. കൊണ്ടും കൊടുത്തും ലോക റാങ്കിംഗിലെ ആദ്യപേരുകാർ കളം നിറഞ്ഞതോടെ കാണികളും ആവേശത്തിലായിരുന്നു. ഏറെക്കുറെ പോയ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനലിന്റെ ആവർത്തനമായിരുന്നു റൊളാംഗ് ഗാരോസിൽ കണ്ടത്. ആകെയുണ്ടായ മാറ്റം സ്വരേവിന് പകരം സിന്നറായിരന്നു എതിരാളി എന്നതാണ്. മറ്റൊന്ന് അൽകാരസിന് കുറച്ചധികം വിയർപ്പൊഴുക്കേണ്ടി വന്നതും.
എന്തൊരു മികച്ച ഫൈനൽ, മഹത്തായ പോരാട്ടത്തിന് അഭിനന്ദനങ്ങൾ എന്നായിരുന്നു നദാൽ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. നദാലിനൊപ്പം നേട്ടം പങ്കിട്ടതിനെക്കുറിച്ച് അൽകാരസിനോട് ചോദിച്ചാൽ യാദൃശ്ചികതയും വിധിയെന്നുമാണ് മറുപടി. 2008-ൽ വിംബിൾഡണിൽ റോജർ ഫെഡററെ പരാജയപ്പെടുത്തിയാണ് നദാൽ ഇതേ പ്രായത്തിൽ തന്റെ അഞ്ചാം ഗ്രാൻഡ്സ്ലാം നേടുന്നത്. 2022ൽ യുഎസ് ഓപ്പണിലൂടെ ആദ്യ കിരീടം, 23 ൽ വിംബിൾഡണിൽ ജോക്കോവിച്ചിനെ വീഴ്‌ത്തി ചാമ്പ്യനായി. 2024 ൽ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും ജയിച്ച് നേട്ടം നാലാക്കി. ഒടുവിൽ 2025ൽ ഫ്രഞ്ച് ഓപ്പൺ നിലനിർത്തി.
ഇതിഹാസത്തിന്റെ പാത പിന്തുടരുന്ന അൽകാരസും രചിക്കുന്നത് ആധുനിക ടെന്നീസിന്റെ പുതു ചരിത്രമാണ്.















