കൊച്ചി : ഓഗസ്റ്റ് ആദ്യ ആഴ്ച സിനിമ കോൺക്ലേവ് നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം പൂർത്തിയാക്കാനാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ഹേമ കമ്മിറ്റി സംബന്ധിച്ച ഹർജികൾ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകി.
സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പ്രത്യേക നിയമം നടപ്പാക്കാനുദ്ദേശിക്കുന്ന സമയക്രമം അറിയിക്കണമെന്ന് കഴിഞ്ഞ സിറ്റിങ്ങിൽ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സർക്കാരിന്റെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്.ഐ.ടി സാവകാശം തേടിയപ്പോൾ പത്ത് ദിവസം ഹൈക്കോടതി അനുവദിച്ചു. പത്ത് ദിവസത്തിനുശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരുടെ ബെ ഞ്ചാണ് കേസ് പരിഗണിക്കുന്നത്.















