മുംബൈ: തുടര്‍ച്ചയായി ഏഴാം ദിവസവും വിപണിയില്‍ നേട്ടമുണ്ടാക്കിയ മുത്തൂറ്റ് ഫിനാന്‍സ് ഒരു ലക്ഷം കോടി രൂപ മൂല്യം നേടുന്ന ആദ്യ മലയാളി കമ്പനിയായി. തിങ്കളാഴ്ച 4.2% മുന്നേറിയ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 2542.90 രൂപ എന്നസര്‍വകാല ഉയരത്തില്‍
വ്യാപാരം അവസാനിപ്പിച്ചു. 1,02,088.25 രൂപയാണ് എന്‍എസ്ഇയില്‍ കമ്പനിയുടെ നിലവിലെ വിപണി മൂലധനം.
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ മുത്തൂറ്റ് ഫിനാന്‍സ് മികച്ച മുന്നേറ്റം നടത്തി. എന്‍ബിഎഫ്‌സി ഓഹരികളായ മണപ്പുറം, ഐഐഎഫ്എല്‍ എന്നിവയും കുതിച്ചു.
നേട്ടമായത് ആര്‍ബിഐ നയം
ബാങ്കിംഗ്, എന്‍ബിഎഫ്‌സി മേഖലകളില്‍ സ്വര്‍ണ പണയ വായ്പകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആര്‍ബിഐ കഴിഞ്ഞയാഴ്ച ഇളവുചെയ്തതാണ് മുത്തൂറ്റിനും മറ്റ് എന്‍ബിഎഫ്‌സികള്‍ക്കും നേട്ടമായത്. 2.5 ലക്ഷം രൂപയ്‌ക്ക് താഴെയുള്ള ചെറിയ സ്വര്‍ണ വായ്പകളുടെ ലോണ്‍-ടു-വാല്യു (എല്‍ടിവി) 75 ല്‍ നിന്ന് 85 ശതമാനത്തിലേക്ക് ആര്‍ബിഐ ഉയര്‍ത്തി. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ പണയത്തിന് കൂടുതല്‍ പണം ഇതോടെ ലഭിക്കും. മുത്തൂറ്റ് ഫിനാന്‍സിന്റെ ഭൂരിപക്ഷം വായ്പകളും ഈ വിഭാഗത്തില്‍ വരുന്നതാണ്.
മലയാളി മൂല്യം
66000 കോടി രൂപ വിപണി മൂലധനവുമായി എഫ്എസിടിയാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനി. 1,048.50 രൂപയാണ് ഫാക്ടിന്റെ നിലവിലെ ഓഹരി വില. ഒരു ഘട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ വിപണി മൂലധനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഫാക്ടിന് സാധിച്ചിരുന്നു. പിന്നീട് ഓഹരി വില ഇടിഞ്ഞതോടെ വിപണി മൂല്യവും കുറഞ്ഞു. 62500 കോടി രൂപ വിപണി മൂല്യവുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് കേരളത്തില്‍ നിനുള്ള മൂന്നാമത്തെ ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനി. 58000 കോടി രൂപ വിപണി മൂല്യവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ് നാലാം സ്ഥാനത്തും 51000 കോടി വിപണി മൂല്യവുമായി ഫെഡറല്‍ ബാങ്ക് അഞ്ചാമതുമുണ്ട്.















