ഷില്ലോങ്: സ്‌കൂൾ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. ഷില്ലോങ്ങിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അസമിലെ ജോർഹട്ട് സ്വദേശി ഹിമൻ ഗൊഗോയി (24)യെയാണ് മേഘാലയ പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 24 ന് ഇയാൾ പകർത്തിയ വിദ്യാർത്ഥിനികളുടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മുഖംമൂടി ധരിച്ച ഒരാൾ ഒരു സ്കൂൾ വിദ്യാർത്ഥിനിയെ അനുചിതമായി സ്പർശിക്കുന്നതും ഫോട്ടോ എടുക്കുന്നതിനിടയിൽ യൂണിഫോം ഉയർത്തുന്നതും വീഡിയോയിൽ കാണാം. മെയ് 23 ന് രാവിലെ ഷില്ലോങ്ങിലെ ഉംസോഹ്‌സുൻ പരിസരത്തുള്ള യംഗ് വിമൻസ് ക്രിസ്ത്യൻ അസോസിയേഷന് (YWCA) സമീപത്താണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
മെയ് 19 ന് പൊലീസ് ബസാറിലെ ഡ്രീംലാൻഡിന് സമീപം സമാനമായ രീതിയിലുള്ള രണ്ടാമത്തെ കേസും റിപ്പോർട്ടും ചെയ്യപ്പെട്ടു. രണ്ട് കേസുകളിലെയും പ്രതി ഒരാളാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടർന്ന് മെയ് 28 ന് വനിതാ സബ് ഇൻസ്പെക്ടർ ലാവിനിയ കോങ്‌വാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അസമിലെ ബംകുകുരചുവ ഗ്രാമത്തിലെ വീട്ടിൽ നിന്നും ഹിമൻ ഗൊഗോയിയെ പിടികൂടി. അസമിൽ അന്വേഷണത്തിലിരിക്കുന്ന മറ്റൊരു കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.















