വിവാഹേതര ബന്ധം അവാനിപ്പിക്കണമെന്ന് പറഞ്ഞ കാമുകിയെ ഹോട്ടലിൽ വച്ച് കുത്തിക്കൊലപ്പെടുത്തി യുവാവ്. 33-കാരിയായ ഹരിണിയാണ് ബെംഗളൂരുവിലെ ഹോട്ടലിൽ കൊല്ലപ്പെട്ടത്. 25-കാരനായ യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിണി രണ്ടുകുട്ടികളുടെ മാതാവാണ്. ഹെമ്മിഗേപുരയിലെ താമസക്കാരിയാണ് യുവതി. പൂർണ പ്രജ്ഞ ഹൗസിംഗ് സൊസൈറ്റിലെ ഹോട്ടൽ റൂമിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. യുവതിക്ക് 13 തവണയാണ് കുത്തേറ്റത്.
ബിസിഎ ബിരുദധാരിയായ യഷസ് കെങ്കേരി സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമാണ്. കൊലയ്‌ക്ക് രണ്ടുദിവസത്തിന് ശേഷമാണ് വിവരം പുറത്തറിയുന്നത്. യുവാവ് തന്നെയാണ് പൊലീസിൽ കീഴടങ്ങിയത്.
പൊലീസ് പറയുന്നത്: 41-കാരനായ കർഷകനാണ് ഹരിണിയുടെ ഭർത്താവ്. 2012-ലായിരുന്നു ഇവരുടെ വിവാഹം. 13ഉം പത്തും വയസുള്ള രണ്ടു പെൺമക്കളാണ് ദമ്പതികൾക്ക്. ഹരിണിയും യഷസും മൂന്നുവർഷം മുൻപാണ് കണ്ടുമുട്ടുന്നത്. അന്നു മുതൽ തുടങ്ങിയ പരിചയം പിന്നീട് അവിഹിത ബന്ധത്തിലേക്ക് കടക്കുകയായിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുൻപ് ഹരിണിയുടെ വീട്ടുകാർ ഈ ബന്ധത്തെക്കുറിച്ച് മനസിലാക്കി. ഇതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. സമ്മർദ്ദത്തെ തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചു. യുവാവിനെ കാണുന്നതും ഫോൺ കോളുകളും അവഗണിച്ചു. എന്നാൽ അടുത്തിടെ ഇരുവരും സംസാരിച്ചു.
അവസാനമായി നേരിൽ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജൂൺ ആറിന് ഇരുവരും കണ്ടു. വൈകിട്ട് അഞ്ചിന് ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ സമയം ചെലവഴിക്കുന്നതിനിടെ ബന്ധം തുടരാനാകില്ലെന്ന് അറിയിച്ചു. ഇതോടെ നേരത്തെ വാങ്ങിവച്ചിരുന്ന കത്തിയെടുത്ത് യുവതി തുരുതുരെ കുത്തുകയായിരുന്നു. പിന്നീട് പ്രതി വീട്ടിലേക്ക് പോവുകയായിരുന്നു. ബന്ധം ഉപേക്ഷിക്കുമെന്ന് യുവതി പറഞ്ഞത് ഉൾക്കൊള്ളാനായില്ലെന്നാണ് പ്രതിയുടെ കുറ്റസമ്മതം.















