എറണാകുളം: കണ്ണൂർ അഴിക്കലിനും തലശേരിക്കുമിടയിൽ പുറംകടലിൽ ചരക്ക് കപ്പലിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ജീവനക്കാരെ മംഗലാപുരത്തേക്ക് എത്തിക്കും. ജീവനക്കാരുമായി നാവികസേന ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക് പുറപ്പെട്ടു. കപ്പൽ എത്തിയാലുടൻ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
നടുക്കടലിൽ കാണാതായ നാല് ക്രൂ അംഗങ്ങൾക്കായുള്ള തെരച്ചിൽ നടക്കുകയാണ്. കപ്പൽ പൂർണമായും കത്തിനശിച്ചു. ഇത്രയധികം തീ ആളിക്കത്തുന്നതിന് കപ്പലിൽ എന്താണ് ഉണ്ടായിരുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കും.
കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുക്കപ്പലിലാണ് അപകടമുണ്ടായത്. ഇരുപതിലധികം കണ്ടെയ്നറുകൾ കടലിൽ പതിച്ചതായാണ് വിവരം. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന കണക്ക്. ഇതിൽ18 പേർ കടലിൽ ചാടി രക്ഷപ്പെട്ടു. വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിനാണ് തീപിടിച്ചത്.