തിരുവനന്തപുരം: വെമ്പായത്ത് 16കാരനെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചത് അഭിജിത്താണെന്ന് കഴിഞ്ഞ ദിവസം സുഹൃത്ത് വിജയ് പൊലീസിന് മൊഴി നൽകി. എന്നാൽ അഭിജിത്തിന്റെ മൃതദേഹം അജ്ഞാത മൃതദേഹം എന്ന പേരിൽ ഒരു മാസം കഴിഞ്ഞപ്പോൾ സംസ്കരിച്ചുവെന്നാണ് പൊലീസ് കുടുംബത്തോട് പറഞ്ഞത്.
മാർച്ച് 3 നാണ് അഭിജിത്തിനെ കാണാതായത്. അഭിജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 14 ന് വീട്ടുകാർ വട്ടപ്പാറ പൊലീസിന് പരാതിയും നൽകിയിരുന്നു. മാർച്ച് 5 നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം ലഭിച്ചത്. നടപടി വിവാദമായതിന് പിന്നാലെ ബന്ധുക്കൾ ആരും അന്വേഷിച്ച് വരാത്തത് കൊണ്ട് മൃതദേഹം സംസ്കരിച്ചെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
കൃത്യമായ നടപടികൾ പാലിക്കാതെ ധൃതിപിടിച്ച് മൃതദേഹം സംസ്കരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. ബംഗാളിയെന്ന് കരുതിയാണ് മൃതദേഹം ദഹിപ്പിച്ചതെന്നാണ് പേട്ട സിഐ പറഞ്ഞതെന്ന് അഭിജിത്തിന്റെ അമ്മാവൻ പറഞ്ഞു. മരിച്ചെന്ന് അറിയാതെയാണ് നാടുനീളെ അഭിജിത്തിനെ തേടി നടന്നത്. കാണാതായെന്ന പരാതിയിൽ അന്വേഷണം നടത്താൻ പോലും പൊലീസ് തയ്യാറായില്ല.
മോശമായാണ് സിഐ പെരുമാറിയത്. പൊലീസ് സ്റ്റേഷനിലേക്ക് കയറാൻ പോലും സമ്മതിച്ചില്ല, അദ്ദേഹം പറഞ്ഞു.
അഭിജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഉത്സവത്തിന് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയത്. വിജയ് എന്ന പയ്യനും ഒപ്പമുണ്ടായിരുന്നു. വിജയ്‌ക്ക് എല്ലാം അറിയാമായിരുന്നു. അവനെ കുറിച്ച് പൊലീസിന് സൂചന നൽകിയിരുന്നു. കാണാതായെന്ന് പരാതി നൽകിയിട്ടും അവസാനം കൂടെയുണ്ടായിരുന്ന സുഹൃത്തിൽ നിന്ന് മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല, അഭിജിത്തിന്റെ അച്ഛൻ അമർഷത്തോടെ പറഞ്ഞു.















