നിലമ്പൂർ: പിഡിപി ജമാഅത്തെ ഇസ്ലാമിയെ പോലെ വർഗീയ സംഘടനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നും ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിന് നിരുപാധിക പിന്തുണ പിഡിപി വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം.
പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരു പോലെയാണോ ദേഷ്യത്തോടെ പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകരോട് ഗോവിന്ദൻ ചോദിച്ചു. പിഡിപി പിഡിപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ്. അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ മതരാഷ്‌ട്രമൊന്നും പറയുന്നില്ല, ഗോവിന്ദൻ പറഞ്ഞു.
പിഡിപി- സിപിഎം സഖ്യത്തെ പി. ജയരാജൻ അടക്കമുള്ള പല സിപിഎം നേതാക്കളും തള്ളിപ്പറഞ്ഞിരുന്നു. പി. ജയരാജന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച ‘കേരളം മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലും പിഡിപി തീവ്രവാദ സംഘടനയാണെന്ന് വ്യക്തമാക്കിയിരുന്നു. മദനിയാണ് തീവ്ര പ്രസംഗങ്ങളിലൂടെ കേരളത്തിലെ മുസ്ലീങ്ങളിൽ ഭീകരവാദ ചിന്ത വളർത്തിയതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടിയുരുന്നു. അതേ സ്ഥാനത്താണ് ഗോവിന്ദന്റെ ‘പിഡിപി പീഡിക്കപ്പെട്ട’ എന്ന പ്രയോഗം.
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി ഭീകരവാദ കേസിൽ വിചാരണ നേരിടുന്നയാളാണ്. കശ്മീരിൽ സുരക്ഷ സേനയുടെ വെടിയേറ്റ് മരിച്ച മലയാളി ഭീകരവാദികൾക്ക് മദനിയുമായും ഭാര്യ സൂഫിയ മദനിയുമായും ബന്ധമുണ്ടെന്ന വിവരം അക്കാലത്ത് പുറത്തു വന്നിരുന്നു. എന്നാൽ അന്ന് ഭരണത്തിലിരുന്ന ഇടത് സർക്കാർ ഇത് മറച്ചുവച്ചു. ഇതിന്റെ പ്രത്യുപകാരമായാണ് പൊന്നാനി ഉപതെരഞ്ഞെടുപ്പിൽ മദനി സിപിഎമ്മിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതും പിണറായിയുടെ വിവാദമായ വേദി പങ്കിടലും.
കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്ലാമി കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. വെൽഫെയർ പാർട്ടി അടക്കമുള്ള മുസ്ലീം മൗലികവാദികളുടെ പിന്തുണയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച് കയറിയതെന്ന വിവരം തെളിവുകൾ സഹിതം പുറത്തുവന്നിരുന്നു. ഇത് തന്നെയാണ് നിലമ്പൂരിലും കാണുന്നതും. ജമാഅത്തെ ഇസ്ലാമി- കോൺഗ്രസ് ബാന്ധവത്തെ തള്ളി പറഞ്ഞ അതേ എം. വി ഗോവിന്ദനാണ് സമാന ഭീകരവാദ സ്വഭാവമുള്ള പിഡിപിയെ വാനോളം പുകഴ്‌ത്തി ഇരുകൈയും നീട്ടി വോട്ട് വാങ്ങുന്നതെന്നാണ് ശ്രദ്ധേയം.















