തന്റെ പിതാവും ഇതിഹാസ ബാഡ്മിന്റൺ കളിക്കാരനുമായ പ്രകാശ് പദുക്കോണിന്റെ എഴുപതാം ജന്മദിനത്തിൽ അച്ഛന് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ. പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ (PSB) ആരംഭിക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് താരം പങ്കുവച്ചത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പിതാവിനായുള്ള പിറന്നാൾ ആശംസാ പോസ്റ്റിനൊപ്പമായിരുന്നു ദീപികയുടെ ഈ സർപ്രൈസ് പ്രഖ്യാപനം.
“ബാഡ്മിന്റൺ കളിച്ചു വളർന്ന ഒരാളെന്ന നിലയിൽ, ഈ കായിക വിനോദം ഒരാളുടെ ജീവിതത്തെ എത്രത്തോളം ശാരീരികമായും, മാനസികമായും, വൈകാരികമായും രൂപപ്പെടുത്തുമെന്ന് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റണി(പിഎസ്ബി)ലൂടെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളിലേക്ക് ബാഡ്മിന്റണിന്റെ സന്തോഷവും അച്ചടക്കവും എത്തിക്കാനും, ആരോഗ്യമുള്ളതും, കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, സ്‌പോർട്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമായ ഒരു തലമുറയെ കെട്ടിപ്പടുക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അച്ഛനൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി ദീപിക കുറിച്ചു.
View this post on Instagram
പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ പ്രതിവർഷം 75 കേന്ദ്രങ്ങളിലേക്ക് വികസിപ്പിച്ച് 2027 ആകുമ്പോഴേക്കും 250 കേന്ദ്രങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് പദ്ധതി. ‘എല്ലാവർക്കും ബാഡ്മിന്റൺ’ എന്ന ആപ്‌തവാക്യത്തിലാണ് സ്കൂളിന്റെ പ്രവർത്തനം. ബെംഗളൂരു, എൻസിആർ, മുംബൈ, ചെന്നൈ, ജയ്പൂർ, പൂനെ, നാസിക്, മൈസൂരു, പാനിപ്പത്ത്, ഡെറാഡൂൺ, ഉദയ്പൂർ, കോയമ്പത്തൂർ, സാംഗ്ലി, സൂറത്ത് എന്നിവയുൾപ്പെടെ 18 ഇന്ത്യൻ നഗരങ്ങളിലായി 75 ലധികം അടിസ്ഥാന പരിശീലന കേന്ദ്രങ്ങൾ സ്കൂൾ സ്ഥാപിച്ചു കഴിഞ്ഞു. മുൻ ലോക ഒന്നാം നമ്പർ താരവും ഓൾ-ഇംഗ്ലണ്ട് ചാമ്പ്യനുമായ പ്രകാശ് പദുകോൺ പിഎസ്ബിയുടെ മുഖ്യ ഉപദേഷ്ടാവും മെന്ററുമാണ്.















