സഞ്ചാരിയെന്ന് ചോദിച്ചാൽ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്ന പേരാണ് സന്തോഷ് ജോർജ് കുളങ്ങര. 150 ഓളം രാജ്യങ്ങളിലാണ് അദ്ദേഹം യാത്ര ചെയ്തത്. എന്നാൽ എന്നും നമ്മുടെ സമാധാനം കെടുത്തുന്ന, തൊട്ടടുത്ത് നിൽക്കുന്ന പാകിസ്ഥാനിൽ അദ്ദേഹം പോയിട്ടില്ല. നിരവധി മലയാളി വ്ലോഗർമാർ പാകിസ്ഥാനിൽ പോയി വീഡിയോ ചെയ്തിരുന്നു. ഇതിനിടയിലാണ് പാകിസ്ഥാനിൽ പോയിട്ടില്ലെന്ന കാര്യം സന്തോഷം ജോർജ് കുളങ്ങര വെളിപ്പെടുത്തിയത്. അടുത്തിടെ നടന്ന സംവാദ പരിപാടിയിൽ അദ്ദേഹം ഇതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്.
പാകിസ്ഥാനിൽ മീഡിയകൾക്ക് പരിമിതിയുണ്ട്. അവർ മാദ്ധ്യമങ്ങളെ അനുവദിക്കുന്നില്ല. പ്രധാനമന്ത്രിമാരുടെ ഒപ്പമാണ് വിദേശ മാദ്ധ്യമങ്ങളെ അനുവദിക്കുക. അല്ലെങ്കിൽ
പ്രത്യേക പെർമിഷനുള്ള ചില ഇവന്റുകളിലും അനുവദിക്കും. അങ്ങനെയുള്ള പർപ്പസിനല്ലാതെ ട്രാവലോഗ് ഷൂട്ട് ചെയ്യാൻ അവർ അനുവാദം നൽകില്ല.
ഒരു വിസയ്‌ക്ക് അപ്ലൈ ചെയ്യുമ്പോൾ, എന്നെ കുറിച്ച് സർച്ച് ചെയ്താൽ ഞാൻ ടെലിവിഷൻ ചാനൽ നടത്തുന്നയാളാണെന്ന് കിട്ടും. സ്വതന്ത്രമായിട്ട് പോകാനും ഷൂട്ട് ചെയ്യാനും യാത്ര ചെയ്യാനും പരിമിതിയുള്ള രാജ്യമാണത്. അതുകൊണ്ടാണ് പോകാത്തത്. അല്ലെങ്കിൽ ഞാൻ എപ്പോൾ വേണമെങ്കിലും പോകാൻ റെഡിയാണ്, അദ്ദേഹം പറഞ്ഞു















