മേഘാലയയിലെ ഹണിമൂണിനിടെ നവവരനെ ഭാര്യ കാമുകനും കൂട്ടാളികൾക്കുമൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റാവത്ത്. പ്രതിയായ യുവതിയുടെ പ്രവർത്തി വിവേക ശൂന്യമാണെന്നും ഞെട്ടലുളവാക്കുന്നതാണെന്നും കങ്കണ പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട ഒരു വാർത്താ ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി. സ്വന്തം മാതാപിതാക്കളെ പേടിച്ചിട്ട് ഒരു സ്ത്രീക്ക് വിവാഹം വേണ്ടെന്ന് പറയാൻ കഴിയില്ല, പക്ഷേ ക്വട്ടേഷൻ കില്ലർമാരെ ഉപയോഗിച്ച് ഒരു ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്യാൻ അവൾക്ക് കഴിയും. ഇതിന്റെ യുക്തി ആർക്കെങ്കിലുമൊന്ന് വിശദീകരിക്കാൻ കഴിയുമോയെന്ന് അവർ ചോദിച്ചു.
അവൾക്ക് വിവാഹമോചനം നേടാനോ കാമുകനൊപ്പം ഒളിച്ചോടാനോ പോലും ധൈര്യമില്ല. എത്ര ക്രൂരവും നീചവും എല്ലാത്തിലുമുപരി ബുദ്ധിശൂന്യവുമായ കൃത്യമാണിത്. ഇത്തരക്കാരെ ഒരിക്കലും നിസാരവൽക്കരിച്ച് കാണരുത്. അവരാണ് സമൂഹത്തിന് ഏറ്റവും വലിയ ഭീഷണി. നമ്മൾ അവരുടെ ബുദ്ധി ശൂന്യതയോർത്ത് ചിരിച്ച് തള്ളാറുണ്ട്. അവരെക്കൊണ്ട് ആർക്കുമൊരു ശല്യവുമില്ലെന്ന് വിചാരിക്കും. എന്നാൽ അത് ശരിയല്ല. ബുദ്ധിയുള്ളവർ എപ്പോഴും സ്വന്തം നേട്ടത്തിനായാണ് മറ്റുള്ളവരെ ഉപദ്രവിക്കുന്നത്. എന്നാൽ ബുദ്ധിശൂന്യർ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് അവർക്കുതന്നെ ഒരു നിശ്ചയമില്ല. നമുക്ക്ചുറ്റുമുള്ള ഇത്തരം ആളുകളെ പറ്റി എപ്പോഴും ബോധവാന്മാരായിരിക്കണമെന്നും കങ്കണ പറഞ്ഞു.















