ബെംഗളൂരു: ഐപിഎല്‍ ചാമ്പ്യന്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആര്‍സിബി) വില്‍ക്കാന്‍ ഉടമകളായ ബ്രിട്ടീഷ് കമ്പനി ഡിയാജിയോ പിഎല്‍സി ആലോചിക്കുന്നു. ആര്‍സിബിയിലെ തങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗമോ മുഴുവനായോ വില്‍ക്കുന്നതിനെക്കുറിച്ചാണ് ആലോചന നടക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഡിയാജിയോയുടെ ഇന്ത്യന്‍ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ആര്‍സിബി.
17000 കോടിയുടെ ഇടപാട്
2 ബില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 17,000 കോടി വരെ വിലമതിക്കുന്ന ഇടപാടിനാണ് ബ്രിട്ടീഷ് കമ്പനിയുടെ ശ്രമം. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ബ്ലൂംബെര്‍ഗ് പറയുന്നു. ആര്‍സിബിയുടെ ഓഹരി വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരി വില 3.3% ഉയര്‍ന്നു.
അതേസമയം ആര്‍സിബി വില്‍ക്കുന്നെന്ന റിപ്പോര്‍ട്ട് യുണൈറ്റഡ് സ്പിരിറ്റ്‌സ് നിഷേധിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഊഹാപോഹമാണെന്ന് ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഒരു റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി പറഞ്ഞു.
നടപടി ആലോചിച്ച് കേന്ദ്രം
ക്രിക്കറ്റ് രംഗത്ത് പുകയിലയുടെയും മദ്യത്തിന്റെയും പ്രചാരണം നിര്‍ത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മദ്യത്തിന്റെ പരസ്യങ്ങള്‍ ക്രിക്കറ്റ് സംപ്രേഷണത്തിനിടെ നിരോധിച്ചിട്ടുണ്ടെങ്കിലും ഡിയാജിയോ പോലെയുള്ള കമ്പനികള്‍ താരങ്ങളെ ഉപയോഗിച്ച് ഇതേ പേരിലുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെയും മിനറല്‍ വാട്ടറിന്റെയും മറ്റും പരസ്യം ചെയ്യുന്നുണ്ട്. ഫലത്തില്‍ ഇത് മദ്യ ബ്രാന്‍ഡിന്റെ പരസ്യമായി മാറും. വളഞ്ഞവഴിയിലൂടെ മദ്യത്തിന്റെ പരസ്യം യുവാക്കളുടെ വലിയ ഫാന്‍ ഫോളോയിംഗുള്ള ഐപിഎലില്‍ നല്‍കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ കേന്ദ്രം എടുത്തേക്കുമെന്ന ആശങ്കകളാണ് ടീമിന്റെ ഉടമസ്ഥാവകാശം കൈയൊഴിയാന്‍ ഡിയാജിയോയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
മല്യയുടെ സ്വപ്‌നങ്ങള്‍
ഐപിഎലിന്റെ തുടക്കം മുതലുള്ള ടീമുകളിലൊന്നായ ആര്‍സിബി ആദ്യം മദ്യ രാജാവായ വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്നു. യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെയും (യുഎസ്എല്‍) ചെയര്‍മാനായിരുന്ന മല്യ 2008 ല്‍ ഐപിഎല്‍ ഉദ്ഘാടന ലേലത്തില്‍ 111.6 മില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് ആര്‍സിബി ഫ്രാഞ്ചൈസി വാങ്ങിയിരുന്നത്. 2012 ല്‍ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഉടമസ്ഥാവകാശം ഡിയാജിയോയുടെ കൈവശമെത്തി. കിംഗ്ഫിഷര്‍ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് വായ്പാ ക്രമക്കേടില്‍ പെട്ട മല്യ നാടു വിട്ടതോടെ 2016 ല്‍ ഡിയാജിയോ ആര്‍സിബി ടീമിനെ ഏറ്റെടുക്കുകയായിരുന്നു.















