ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖല വിശ്വസനീയമായ ആഗോള കയറ്റുമതിക്കാരായി മാറിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്രമോദി സർക്കാരിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി എക്സിലൂടെ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഇന്ത്യൻ പ്രതിരോധമേഖലയുടെ ശക്തി, സ്വാശ്രയത്വം, നേതൃത്വം എന്നിവയെ ആദരിക്കുന്നതാണ് ഈ വാർഷികാഘോഷം. ആത്മനിർഭർ ഭാരത്, ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ തുടങ്ങിയ സംരംഭങ്ങളിൽ കേന്ദ്ര സർക്കാർ വലിയ പ്രാധാന്യം ചൊലുത്തുന്നു. 2014-15 ൽ 1,940 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി ഇന്ന് 23,622 കോടിയായി ഉയർന്നു.
ആത്മനിർഭർ ഭാരതത്തിന്റെ കീഴിൽ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത്, മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്റർ എൽസിഎച്ച് പ്രചന്ദ് എന്നിവയെകുറിച്ചും ബ്രഹ്മോസ് മിസൈൽ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ മിസൈൽ പ്രതിരോധശക്തിയെ കുറിച്ചും രാജ്നാഥ് സിംഗ് വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് ശക്തി വർദ്ധിച്ചു. സ്വാശ്രയത്വത്തിലേക്കുള്ള അഭിമാനകരമായ ഒരു ചുവടുവയ്പ് രാജ്യത്തിന് ഉണ്ടായിയെന്നും രാജ്നാഥ് സിംഗ് കുറിച്ചു. നാളത്തെ ഭാരതത്തെ ശക്തിപ്പെടുത്താൻ – എന്ന തലക്കെട്ടോടുകൂടി ഓപ്പറേഷൻ സിന്ദൂറിൽ നടന്ന സൈനികാഭ്യാസങ്ങളുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.















