ലക്നൗ: മധുവിധുവിന് സിക്കിമിലേക്ക് പോയ ദമ്പതികൾ ഉൾപ്പെടെ ഏഴ് പേരെ കാണാനില്ല. സംഘം സഞ്ചരിച്ചിരുന്ന കാർ നദിയിലേക്ക് വീണതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മെയ് 29-നാണ് സംഭവം നടന്നത്. സിക്കിമിലെ ലാച്ചനിൽ നിന്ന് ലാചുങ്ങിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ദമ്പതികളും ഡ്രൈവറും ഉൾപ്പെടെ ഒമ്പത് പേരെയാണ് കാണാതായത്. ഇവരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജെപി നേതാവ് ഉമ്മദ് സിംഗിന്റെ സഹോദരീപുത്രനാണ് കാണാതായ യുവാവ്. മെയ് അഞ്ചിനായിരുന്നു ഉത്തർപ്രദേശ് സ്വദേശികളായ കൗശലേന്ദ്ര പ്രതാപിന്റെയും അങ്കിത സിംഗിന്റെയും വിവാഹം. പിന്നീട് മെയ് 25-നാണ് ഇവർ സിക്കിമിലേക്ക് പോയത്. അടുത്ത ദിവസം ദമ്പതികൾ മംഗൻ ജില്ലയിലെത്തി.
29-ന് ലാച്ചനിൽ നിന്ന് മടങ്ങുന്നതിനിടെ കനത്ത മഴയിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിയുകയായിരുന്നു എന്നാണ് നിഗമനം. ദമ്പതികളെ കൂടാതെ വാഹനത്തിൽ ഏഴ് വിനോദസഞ്ചാരികൾകൂടി ഉണ്ടായിരുന്നു.
സ്ഥലത്ത് എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ എത്തിയിട്ടുണ്ട്. ദമ്പതികളുടെ കുടുംബവുമായി അന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചു. ദമ്പതികൾ മുറിയെടുത്ത ഹോട്ടലിലും പരിശോധന നടക്കുകയാണ്.