കൊച്ചി: കേരളാ സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ: സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിട്ടു . സിസ തോമസിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ രണ്ടു വർഷമായി സർക്കാർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു . രണ്ടാഴ്ചക്കുള്ളിൽ എല്ലാ ആനുകൂല്യങ്ങളും സിസ തോമസിന് നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളെജിൽ പ്രിൻസിപ്പലായിരുന്ന സിസ തോമസ് വിരമിക്കുന്നത് 2023 മാർച്ച് 31 നാണ് . വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടയിലാണ് അന്നത്തെ ചാൻസലറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സിസ തോമസിനെ എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കുന്നത്. സർക്കാർ അനുമതി ലഭിക്കന്നതിന് മുമ്പ് തന്നെ സിസ പദവി ഏറ്റെടുത്തു എന്നാണ് സർക്കാരിന്റെ ആരോപണം. ഇതിനെ തുടർന്നാണ് വിരമിക്കൽ ആനുകൂല്യങ്ങളടക്കം തടയുന്ന പ്രതികാര നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.
സർക്കാരിന്റെ പ്രതികാര നടപടി ചോദ്യം ചെയ്ത് സിസ നൽകിയ ഹർജിയിൽ രണ്ടാഴ്ചയ്‌ക്കകം എല്ലാ ആനുകൂല്യവും നല്‍കണമെന്നാണ് ഡിവിഷൻ ബഞ്ചിന്റെ അനുകൂല ഉത്തരവ് ഉണ്ടായത്.ഹർജി പരിഗണിക്കവെ ഹർജിക്കാരിയോട് സർക്കാരിന് വിരോധമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഗവർണർ ഏൽപ്പിച്ച ജോലിയല്ലേ സിസ തോമസ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് അന്വേഷണമുണ്ടെങ്കിൽ അവ വിരമിക്കലിന് മുമ്പ് തന്നെ പൂർത്തിയാക്കേണ്ടതാണെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതി തന്നെ ഉത്തരവുകൾ ഇറക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.















