ബെംഗളൂരു: കർണാടകയിൽ എട്ട് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്. കോൺഗ്രസ് നേതാവും ബല്ലാരി ലോക്സഭാ എംപിയുമായ ഇ തുക്കാറാം ഉൾപ്പെടെയുള്ള നേതാക്കളുമായും എംഎൽഎമാരുമായും ബന്ധമുള്ളവരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.
കർണാടക വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ (KVSTDCL) നിന്നുള്ള ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിലായിരുന്നു റെയ്ഡ്. തട്ടിയെടുത്ത പണം പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ധനസഹായം നൽകാൻ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. KVSTDCL അദ്ധ്യക്ഷനായിരുന്ന കോൺഗ്രസ് എംഎൽഎ ബസനഗൗഡ ദദ്ദലിന്റെ സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി ചന്ദ്രശേഖരന്റെ മരണത്തിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തുവന്നത്. 187 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്തതായും 88.62 കോടി രൂപ ഐടി കമ്പനി അക്കൗണ്ടുകളിലേക്കും ഹൈദരബാദ് സഹകരണ ബാങ്കിലേക്കും നിക്ഷേപിച്ചതായും ചന്ദ്രശേഖരന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ കർണാടക ആദിവാസി ക്ഷേമ മന്ത്രി നാഗേന്ദ്ര രാജിവയ്‌ക്കുകയും ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.















