ബെംഗളൂരു: പട്ടാപ്പകൽ പരസ്യമായി അപരിചിതരായ രണ്ടു സ്ത്രീകളെ ബലമായി ചുംബിച്ചതിന് ബെംഗളൂരു പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.ബനസ് വാടി സ്വദേശിയായ എസ് മദനാണ് പ്രതി.
ജൂൺ ആറിന് രാത്രി കിഴക്കൻ ബെംഗളൂരുവിലെ പുലകേശിനഗറിലാണ് ഇയാൾ അപരിചിതരായ രണ്ട് സ്ത്രീകളെ ചുംബിച്ചത്. ഇയാൾ മിൽട്ടൺ പാർക്കിൽ വെച്ച് തന്നെ ഭീഷണിപ്പെടുത്തുകയും ചുംബിക്കുകയും ചെയ്തതായി ഒരു ഇര പരാതിപ്പെട്ടു. തുടർന്ന് പ്രതി സമീപത്തുള്ള മറ്റൊരു സ്ത്രീയോട് അതേ പ്രവൃത്തി ആവർത്തിച്ചു. അവരുടെ ചുണ്ടുകൾക്ക് പരിക്കേറ്റു. ഇരകളിലൊരാളായ 41 വയസ്സുള്ള ഒരു വീട്ടമ്മ ജൂൺ 6 ന് വൈകുന്നേരം തന്റെ കുട്ടിക്കും സുഹൃത്തിനുമൊപ്പം മിൽട്ടൺ പാർക്കിൽ എത്തിയപ്പോഴായിരുന്നു ഈ സംഭവം ഉണ്ടായത്. ‘വരൂ, ഞാൻ സിംഗിൾ ആണ്… എന്നെ കെട്ടിപ്പിടിക്കുക’,എന്ന് പറഞ്ഞു കൊണ്ട് മദൻ അവരെ ബലമായി കെട്ടിപ്പിടിച്ചു ചുംബിച്ചതായിട്ടാണ് പരാതി. ഞെട്ടിപ്പോയ അവർ നിലവിളിച്ച് കൂടുതൽ ആളുകൾ ഉള്ള സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി എന്നും മൊഴിയിൽ പറയുന്നു.
മിൽട്ടൺ സ്ട്രീറ്റിൽ നടക്കുകയായിരുന്ന മറ്റൊരു സ്ത്രീയെ ആക്രമിച്ചഇയാൾ വീണ്ടും അതേ പ്രവൃത്തി ആവർത്തിക്കുകയായിരുന്നു. തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അക്രമി പറഞ്ഞതായി ഇര പറഞ്ഞു. “പോലീസിലും പരാതിപ്പെടൂ, എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എനിക്ക് ആരെയും പേടിയില്ല,” എന്ന് അക്രമി കന്നഡയിൽ വിളിച്ചു പറഞ്ഞു .
ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ മദൻ ബനസ് വാടി ക്ക് സമീപമാണ് താമസിക്കുന്നത്. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ഉണ്ടായിരുന്ന ഇയാൾ അടുത്തിടെ ജോലി ഉപേക്ഷിച്ചിരുന്നു. മൂന്നോ നാലോ പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയിൽ സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു. ഹെന്നൂർ, ബനസ്വാടി, രാമമൂർത്തി പ്രദേശങ്ങളിലാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. പ്രതി വിവാഹിതനാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.















