തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ താരവുമായ ദിയ കൃഷ്ണയെ കബളിപ്പിച്ച് ജീവനക്കാർ തട്ടിയെടുത്തത് 63 ലക്ഷത്തോളം രൂപ. ജീവനക്കാരുടെ കഴിഞ്ഞ ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ നിന്നാണ് 63 ലക്ഷം രൂപയുടെ കണക്കുകൾ പുറത്തുവന്നത്. ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയത്.
കേസിൽ മൂന്ന് ദിവസമായി പൊലീസ് ജീവനക്കാരെ അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇവർ ഒളിവിലാണെന്നാണ് വിവരം. ജീവനക്കാർ മുൻകൂർ ജാമ്യാപേക്ഷയിലേക്ക് കടക്കുന്നുണ്ട്. എന്നാൽ നികുതി വെട്ടിക്കുന്നതിന് വേണ്ടിയാണ് പണം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്നാണ് ജീവൻക്കാർ ആരോപിച്ചിരുന്നത്. ഇക്കാര്യം ദിയയും കുടുംബവും നിഷേധിച്ചിരുന്നു.
തങ്ങളുടെ കൈവശം തെളിവുകളുണ്ടെന്ന് ജീവനക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ തെളിവുകൾ ജീവനക്കാർ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി ചോദ്യം ചെയ്യലിനായി ജീവനക്കാരെ അന്വേഷിക്കുകയാണ് പൊലീസ്. തട്ടിപ്പ് പൊളിഞ്ഞതോടെ നിക്കക്കള്ളിയില്ലാതെ ഒളിവിൽ പോയിരിക്കുകയാണ് ഇവരെന്നാണ് നിഗമനം.















