ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ റാഗിംഗെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചുവെന്നാണ് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതി. കറ്റാനം ഭരണിക്കാവ് സ്വദേശിയായ വിദ്യാർഥിക്കാണ് മർദനമേറ്റത്. സ്കൂൾ അധികൃതർ വിവരം മറച്ചുവയ്‌ക്കാൻ ശ്രമിച്ചതായും ആശുപത്രിയിലെത്തിച്ചില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.
എന്നാൽ, റാഗിംഗ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്‌കൂൾ പ്രിൻസിപ്പൽ ജോളി ടോമിയുടെ ന്യായീകരണം. ‘കുട്ടികൾ തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് മർദനം. റാഗിംഗല്ല. ഹോസ്റ്റലിനുള്ളിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച ആറ് പ്ലസ് വൺ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്‌തു’ – സ്‌കൂൾ പ്രിൻസിപ്പൽ ജോളി ടോമി പറഞ്ഞു.
കുട്ടി അക്രമത്തിനിരയായ സംഭവം റാഗിംഗ് അല്ലെന്നുള്ള നിലപാടിലുറച്ചു നിൽക്കുകയാണ് സ്കൂൾ അധികൃതർ.റാഗിംഗ് ഉണ്ടായിട്ടില്ലെന്ന രീതിയിലുള്ള വിശദമായ റിപ്പോർട്ട് പ്രിൻസിപ്പൽ ജോളി ടോമി ജില്ലാ കളക്‌ടർക്ക് കൈമാറി. കുട്ടികൾ തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ജോളി ടോമി പറയുന്നു.
സംഭവത്തിൽ ജില്ലാ കളക്ടർ വിശദീകരണം തേടിയിരുന്നു . ഈ വിഷയത്തിൽ കളക്‌ടറുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നാണ് മാന്നാർ പൊലീസിന്റെ നിലപാട്. കലക്ടറുടെ നിർദ്ദേശ പ്രകാരം ഇന്ന് സ്കൂൾ PTA ചേരും. ജില്ലാ കലക്ടർ അലക്സ് വര്ഗീസ് ഇന്ന് സ്കൂൾ സന്ദർശിച്ചേക്കും എന്നും റിപോർട്ടുണ്ട്. കൂടാതെ ഇന്ന് ചൈൽഡ് ലൈനും റാഗിങ്ങിനിരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കുട്ടിയുടെ പിതാവ് ഇന്ന് ആൻറി റാഗിംഗ് സെല്ലിന് പരാതി നൽകും.