കൊൽക്കത്ത: പശ്ചിമബംഗാളിൽ ക്ഷേത്രം തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം. ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ മഹേഷ്തലയിലാണ് സംഭവം. രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരിഞ്ഞാണ് ആക്രമണം നടക്കുന്നത്.
മഹേഷ്തലയിലെ ശിവക്ഷേത്രത്തിന് മുന്നിലായി കടകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പ്രതിഷേധം ഉടലെടുത്തത്. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം ആളുകൾ നിരത്തിലിറങ്ങി. പ്രദേശവാസികൾ ഇതിനെതിരെ കനത്ത പ്രതിഷേധവുമായി രംഗത്തെത്തുകയും തുളസി മന്ദിർ നിർമിക്കുകയും ചെയ്തു. ക്ഷേത്രത്തിന് മുന്നിൽ കടകൾ നിർമിക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ടാകുമെന്നും ക്ഷേത്രത്തിന്റെ ദൈവീകത നഷ്ടപ്പെടുമെന്നും കാണിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
എന്നാൽ, മറുവിഭാഗം ആളുകൾ ഇവരെ തടഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. സംഭവത്തിൽ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് പരിശോധന തുടരുകയാണ്. ക്ഷേത്രപരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിന് പ്രദേശത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തി.
അക്രമികൾ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. കല്ലേറിൽ വനിത കോൺസ്റ്റബിൾ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അക്രമം തടയാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. പൊലീസ് നിശബ്ദരായി നോക്കിനിൽക്കുന്നുവെന്നും ഹൈന്ദവ സമൂഹം അക്രമിക്കപ്പെട്ടുവെന്നും സുവേന്ദു അധികാരി പറഞ്ഞു.















