കൊച്ചി: കേരളാ തീരത്തിനടുത്ത് മുങ്ങിയ എല്‍സ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്‌സിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്‌സിയുടെ മാൻസ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മുങ്ങിയ കപ്പലായ എല്‍സയില്‍ കശുവണ്ടി ഉണ്ടായിരുന്നു. തങ്ങള്‍ക്ക് ആറു കോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് കാഷ്യൂ പ്രമോഷന്‍ കൗണ്‍സില്‍ പറയുന്നത്. ഈ നഷ്ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം.
ആറു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടുനല്‍കാമെന്നു ജസ്റ്റിസ് അബ്ദുൾ ഹക്കീം നിര്‍ദേശിച്ചിട്ടുണ്ട്. ആറു കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച ശേഷം കപ്പലിന് പോകാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ പണം കെട്ടിവെക്കാമെന്ന് എംഎസ്‌സി കോടതിയെ അറിയിച്ചു. ഉച്ചയ്‌ക്ക് ശേഷം ബോണ്ട് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
എംഎല്‍എസി എല്‍സ കടലില്‍ മുങ്ങിയ സംഭവത്തില്‍ ഇതുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണത്തിനും മറ്റും പൊതുഖജനാവില്‍നിന്ന് പണം ചെലവാക്കുന്നതിനെയും ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.















