ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതമായി ഇസ്ലാം. 2010 നും 2020 നും ഇടയിൽ മുസ്ലീം ജനസംഖ്യയിൽ 34.7 കോടിയുടെ വർധനവുണ്ടായതായി പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നു. ക്രിസ്തുമതമാണ് രണ്ടാം സ്ഥാനത്ത്. പട്ടികയിൽ നാലാം സ്ഥാനത്താണ് ഹിന്ദുമതം. മൂന്നാം സ്ഥാനത്ത് നോൺസ് അഥവാ മതരഹിതരാണ്.
പ്യൂവിന്റെ ‘ഗ്ലോബൽ റിലീജിയസ് ലാൻഡ്‌സ്കേപ്പ്’ റിപ്പോർട്ട് ജൂൺ 9 നാണ് പ്രസിദ്ധീകരിച്ചത്. ജനസംഖ്യാ വളർച്ച ആഗോള മത ഭൂപ്രകൃതിയെ എങ്ങനെ സ്വാധീനിച്ചുവെന്നും ഇതിൽ വെളിപ്പെടുത്തുന്നു.
മറ്റെല്ലാം മതവിഭാഗങ്ങളുടെയും ആകെ വർധനയെക്കാൾ കൂടുതലാണ് മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ മുസ്ലീങ്ങളുടെ ജനസംഖ്യ 1.8 ശതമാനം വർദ്ധിച്ച് 25.6 ശതമാനത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായിരുന്ന ക്രിസ്തുമതം പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 1.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2020-ൽ മുസ്ലീം വിഭാഗത്തിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളിൽ 33 ശതമാനം 15 വയസ്സിന് താഴെയുള്ളവരാണ്. . മുസ്ലീങ്ങളിൽ പത്തിൽ നാല് പേരും സബ്-സഹാറൻ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റ്-വടക്കൻ ആഫ്രിക്ക മേഖലയിലുമാണ് താമസിക്കുന്നത്. ഹിന്ദുക്കളുടെ എണ്ണം 12. 6 കോടി വർദ്ധിച്ച് 126 കോടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.















