ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത മനുഷ്യവകാശ പ്രവർത്തകനെ ഇറാൻ ഭരണകൂടം തൂക്കിക്കൊന്നു. ഇസെഹ് സ്വദേശി മൊജാഹിദ് കൂർകൗറിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2022ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തെന്ന് ആരോപിച്ചാണ് മൊജാഹിദ് കൂർകൗറിനെ ജയിലിടച്ചത്. ദൈവത്തിനെതിരെ യുദ്ധം ചെയ്യുക, സായുധ കലാപം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ജൂൺ 11 ബുധനാഴ്ച പുലർച്ചെ അഹ്വാസിലെ ഷെയ്ബാൻ ജയിലിൽ വച്ചാണ് മൊജാഹിദിനെ തൂക്കികൊന്നതെന്ന് ഇറാൻ മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്‌ക്ക് വിധേനായ പതിനൊന്നാമത്തെയാളാണ് കൗർകൗരി.
2022 സെപ്റ്റംബറിലാണ് ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച്
സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരി കസ്റ്റഡിയിൽ മരിച്ചത്. തുടർന്ന് രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭം അരങ്ങേറിയിരുന്നു. ഇസെഹ് നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ ഒമ്പത് വയസ്സുള്ള കിയാൻ പിർഫലക് ഉൾപ്പെടെ ഏഴ് പേർ മരിച്ചിരുന്നു. കിയാന്റെ കൊലപാതകത്തിൽ കൗർക്കൂരിക്ക് പങ്കില്ലെന്ന് കുടുംബം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ വർഷം ഇതുവരെ 582 തടവുകാരെ ഇറാൻ വധശിക്ഷയ്‌ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് കുർദിഷ് മനുഷ്യാവകാശ സംഘടനയായ ഹെൻഗാവ് പറഞ്ഞു.















