ചെന്നൈ: ജന്മനാ അസുഖ ബാധിതയായ നവജാത ശിശുവിനെ അമ്മ ബാൽക്കണിയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. തമിഴ്നാട് ഇഞ്ചമ്പാക്കത്താണ് സംഭവം. മാതാവ് ഭാരതിയെ (30) പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ അരുണിനും ഭാരതിക്കും ഒന്നരമാസം മുമ്പാണ് ഇരട്ടകുട്ടികൾ ജനിച്ചത്. ഇതിൽ ഒരാൾ ജന്മനാ അസുഖ ബാധിതയാണ്. കടുത്ത വിഷമത്തിലാണ് കുറ്റകൃത്യം ചെയ്തതെന്നാണ് ഭാരതി മൊഴി നൽകിയത്.
കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള പറമ്പിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാതാവ് കുറ്റം സമ്മതിച്ചത്. വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ കുഞ്ഞിനെ ബാഗിലാക്കി ബാൽക്കണിയിൽ നിന്ന് എറിഞ്ഞതാണെന്ന് ഭാരതി പൊലീലിനോട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപ്പേട്ട ആശുപത്രിയിലേക്ക് കൊണ്ടു പോയി.















