ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചില്ലറ വ്യാപാര പണപ്പെരുപ്പം മെയ് മാസത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.82% ആയി കുറഞ്ഞു. 2019 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്. 2025 ഏപ്രിലില്‍ 3.16% ആയിരുന്നു രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം.
പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിലയാണ് കുറഞ്ഞത്. മെയ് മാസത്തില്‍, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഏപ്രിലിലെ 1.78% ല്‍ നിന്ന് 0.99% ആയി കുറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍, മൊത്തത്തിലുള്ള പണപ്പെരുപ്പം ഏപ്രിലിലെ 2.92% ല്‍ നിന്ന് മെയ് മാസത്തില്‍ 2.59% ആയി കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും 1.85% ല്‍ നിന്ന് 0.95% ആയി കുറഞ്ഞു. നഗരങ്ങളിലും സമാനമായ പ്രവണത കണ്ടു. ഏപ്രിലിലെ 3.36% ല്‍ നിന്ന് നഗരങ്ങളിലെ ചില്ലറ വ്യാപാര പണപ്പെരുപ്പം 3.07% ആയി കുറഞ്ഞു. അതേസമയം നഗരങ്ങളിലെ ഭക്ഷ്യ പണപ്പെരുപ്പം 1.64% ല്‍ നിന്ന് 0.96% ആയി കുറഞ്ഞു.
പഞ്ചസാര, വീട്ടുസാധനങ്ങള്‍, മുട്ട, ചില സേവനങ്ങള്‍ തുടങ്ങിയവയുടെ വിലക്കയറ്റം മന്ദഗതിയിലായതാണ് ഈ ഇടിവിന് കാരണമായത്. പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധനവ് കണ്ട ഒരേയൊരു മേഖല നഗര ഭവന നിര്‍മ്മാണമാണ്. അവിടെ പണപ്പെരുപ്പം ഏപ്രിലിലെ 3.06% ല്‍ നിന്ന് മെയ് മാസത്തില്‍ 3.16% ആയി ഉയര്‍ന്നു.
2025-26 സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം ആര്‍ബിഐയും അടുത്തിടെ താഴ്‌ത്തിയിരുന്നു. ശരാശരി പണപ്പെരുപ്പം ഏകദേശം 3.70% ആയിരിക്കുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു. ഇത് നേരത്തെ കണക്കാക്കിയ 4% ല്‍ നിന്ന് കുറവാണ്.
പണപ്പെരുപ്പം കുറയുന്നത് കുടുംബങ്ങളെ സംബന്ധിച്ച് സന്തോഷവാര്‍ത്തയാണ്. പലചരക്കുകളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറഞ്ഞുനില്‍ക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ ഭാവിയില്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്‌ക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കും. ഇത് ഭവന, വ്യക്തിഗത വായ്പകള്‍ കൂടുതല്‍ താങ്ങാവുന്ന നിരക്കില്‍ ലഭിക്കാന്‍ സഹായിക്കും.















