ന്യൂഡെല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂണ്‍ 6ന് അവസാനിച്ച ആഴ്ചയില്‍ 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണ്‍ ഡോളറിലെത്തി. തലേ ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 1.237 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞിരുന്നു. 2024 സെപ്റ്റംബര്‍ അവസാനമുണ്ടായിരുന്ന 704.885 ബില്യണ്‍ ഡോളറിനടുത്തേക്ക് ഇപ്പോള്‍ കരുതല്‍ ശേഖരം എത്തി.
കരുതല്‍ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ (എഫ്‌സിഎ) 3.47 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 587.68 ബില്യണ്‍ ഡോളറിലെത്തി. ഡോളര്‍, യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ പ്രധാന ആഗോള കറന്‍സികള്‍ കരുതല്‍ ശേഖരത്തിന്റെ ഭാഗമാണ്.
റിസര്‍വ് ബാങ്കിന്റെ പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കരുതല്‍ ശേഖരം 1.58 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 85.88 ബില്യണ്‍ ഡോളറായി. മൂല്യത്തിലെ വര്‍ദ്ധനവ് ആഗോള സ്വര്‍ണ്ണ വിലയിലെ വര്‍ദ്ധനവിനെയും ആര്‍ബിഐ ഹോള്‍ഡിംഗുകളിലെ വര്‍ദ്ധനവിനെയും സൂചിപ്പിക്കുന്നു.
ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളും വ്യാപാര യുദ്ധവും അസ്ഥിരമാക്കിയ ആഗോള അന്തരീക്ഷത്തിനിടയിലാണ് കരുതല്‍ ശേഖരത്തിലെ ഏറ്റവും പുതിയ കുതിച്ചുചാട്ടം. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം രൂപ വീണ്ടും സമ്മര്‍ദ്ദം നേരിടുന്നു. കറന്‍സിയെ സ്ഥിരപ്പെടുത്തുന്നതിനും ബാഹ്യ ആഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് വിദേശ നാണ്യത്തിന്റെ ശക്തമായ കരുതല്‍ ശേഖരം പിന്തുണയാകും.