ന്യൂഡൽഹി: ഛത്തീസ്ഗഢിലെ കോൺഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി. മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് ആസ്ഥാന മന്ദിരം താത്കാലികമായി കണ്ടുകെട്ടിയത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി.
ഛത്തീസ്ഗഢ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സുക്മയിലെ കോൺഗ്രസ് ഭവൻ, മുൻ സംസ്ഥാന എക്സൈസ് മന്ത്രി കവാസി ലഖ്മയുടെ റായ്പൂരിലെ വീട്, കവാസി ലഖ്മയുടെ മകന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട് എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. 6.15 കോടി രൂപയാണ് ഇവയുടെ മൂല്യം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് കോൺഗ്രസ് നടത്തിയത്. ഡൽഹിയിൽ അരവിന്ദ് കേജരിവാളും ആംആദ്മിയും നടത്തിയ അഴിമതിക്ക് സമാനമാണ് ഛത്തീസ്ഗഢിലെ മദ്യ കുംഭകോണവും.
2019 നും 2022 നും നടപടിക്ക് ആസ്പദമായ അഴിമതി നടന്നത്. സംസ്ഥാന ബിവറേജസ് വഴിയുളള മദ്യത്തിന്റെ സംഭരണത്തിലും വിതരണത്തിലുമാണ് വ്യാപക അഴിമതി നടന്നത്. അഴിമതിപ്പണത്തിലൂടെ സമ്പാദിച്ച പണം കൊണ്ടാണ് കോൺഗ്രസ് ഭവൻ നിർമിച്ചതെന്നാണ് ദേശീയ ഏജൻസികൾ കണ്ടെത്തൽ. പ്രതിമാസം രണ്ട് കോടി രൂപയാണ് അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന ലഖ്മ മദ്യ കമ്പിനികളിൽ നിന്നും കൈപ്പറ്റിയത്. ഇത്തരത്തിൽ 72 കോടി രൂപയാണ് ലഖ്മ സമ്പാദിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കോണ്ഗ്രസ് മുൻ മന്ത്രി.
മൊത്തം 2,161 കോടിയിലധികം രൂപയുടെ അഴിമതി നടന്നതായും ഇത് സംസ്ഥാന ഖജനാവിനെ സാരമായി ബാധിച്ചതായും റിപ്പോർട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 205 കോടിയുടെ സ്വത്തുക്കൾ ഇഡി മുൻപ് പിടിച്ചെടുത്തിരുന്നു.















