ന്യൂഡൽഹി: ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന. പോസ്റ്റിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ഷമാപണവുമായി സേന രംഗത്തെത്തിയത്. രാജ്യങ്ങളുടെ അതിർത്തികളെ കൃത്യമായി അടയാളപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഐഡിഎഫ് സമ്മതിച്ചു.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്ഥാനം തെറ്റായി അടയാളപ്പെടുത്തിയാണ് ഇസ്രായേൽ പ്രതിരോധസേന ഭൂപടം പുറത്തുവിട്ടത്. ഇതിൽ ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്നാണ് കാണിക്കുന്നത്. പിന്നാലെ ഇന്ത്യൻ സോഷ്യൽമീഡിയ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു. ഐഡിഎഫിന്റെ പോസ്റ്റിനെ പലരും രൂക്ഷമായി വിമർശിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗ് ചെയ്ത് പോസ്റ്റ് പിൻവലിക്കാൻ പലരും ആവശ്യപ്പെടുകയും ചെയ്തു.
ഓൺലൈൻ പ്രതിഷേധങ്ങൾക്ക് മറുപടിയായി ഐഡിഎഫ് മറ്റൊരു പോസ്റ്റും പങ്കുവച്ചു. ഈ ഭൂപടം പ്രദേശത്തിന്റെ വെറുമൊരു മാതൃകയാണെന്നും ഇത് അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതല്ലെന്നും സേനയുടെ ഔദ്യോഗിക പോസ്റ്റിൽ വ്യക്തമാക്കി.