ലഖ്‌നൗ: ചെലവുകുറഞ്ഞ രീതിയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോർട്ടബിൾ വെന്റിലേറ്റർ വികസിപ്പിച്ചെടുത്ത് യുപിയിലെ വിദ്യാർത്ഥികൾ. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള കമല നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കെഎൻഐടി) നാല് അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഈ വിപ്ലവകരമായ കണ്ടുപിടിത്തത്തിന് പിന്നിൽ. വെറും 15,000 രൂപ ചെലവിലാണ് വിദ്യാർത്ഥികൾ വെന്റിലേറ്റർ നിർമ്മിച്ചെടുത്തത്.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ യാഷ് മിശ്ര, സിദ്ധാന്ത് മോഹൻ ഓജ, വൈഭവ് യാദവ്, ആദിത്യ റൗണിയാർ എന്നിവരുടെ സംഘമാണ് കൊണ്ടുനടക്കാവുന്ന ചിലവുകുറഞ്ഞ വെന്റിലേറ്റർ എന്ന ആശയം യാഥാർഥ്യമാക്കിയത്. അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ളതോ നിലവിലില്ലാത്തതോ ആയ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ കോംപാക്റ്റ് വെന്റിലേറ്റർ.
മെഡിക്കൽ ഉപകരണങ്ങളുടെ വില ഒരു ശരാശരി കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിച്ചുയരുന്ന ഈ സമയത്ത് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുള്ള രോഗികൾക്ക് ഉടനടി ഓക്സിജൻ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഉപകരണത്തിൽ Arduino Uno മൈക്രോകൺട്രോളർ, ഒരു SpO₂ സെൻസർ, എയർ പ്രഷർ സെൻസറുകൾ തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് ഓക്സിജൻ സാച്ചുറേഷനും വായു മർദ്ദവും തത്സമയം നിരീക്ഷിക്കാൻ കഴിയും.
കോവിഡ്-19 മഹാമാരി കാലഘട്ടത്തിൽ ആശുപത്രികളിൽ വെന്റിലേറ്ററുകളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ആവശ്യകത വൻ തോതിൽ വർധിച്ചിരുന്നു. ഈ അനുഭവങ്ങളിൽ നിന്നാണ് ഗ്രാമ പ്രദേശങ്ങളിലെ രോഗികൾക്ക് ചെലവ് കുറഞ്ഞതും യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാൻ കഴിയുന്നതുമായ ഒരു വെന്റിലേറ്റർ എന്ന ആശയം ഉദിച്ചതെന്ന് ഡെവലപ്പർമാരിൽ ഒരാളായ വൈഭവ് യാദവ് പറഞ്ഞു.
വെന്റിലേറ്ററിന്റെ പോർട്ടബിലിറ്റിയും ബാറ്ററിയിൽ പ്രവർത്തിക്കുന്ന രൂപകൽപ്പനയും ആംബുലൻസുകൾ, ഗ്രാമീണ ക്ലിനിക്കുകൾ, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, ഹോം കെയർ എന്നിവയ്‌ക്ക് വളരെ അനുയോജ്യമാക്കുന്നു















