യുപിയെ ആഗ്രയിൽ കേരള സ്റ്റോറിക്ക് സമാനമായ സംഭവം നടന്നതായി റിപ്പോർട്ട്. രണ്ട് സഹോദരിമാരെ ഒരു മാസമായി കാണാനില്ലെന്ന് കാണിച്ച് കുടുംബ പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. കാണാതായ പെൺകുട്ടികളെ സഹപാഠിയും ജമ്മുകശ്മീർ സ്വദേശിനിയുമായ സൈമ ബ്രെയിൻവാഷ് ചെയ്ത് മതപരിവർത്തനം നടത്തിയെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. മാർച്ച് 25 നാണ് സഹോദരിമാരെ വീട്ടിൽ നിന്ന് കാണാതായത്. മെയ് 4 ന് ആഗ്ര പൊലീസ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് അന്വേഷണം തുടങ്ങി.
സഹോദരിമാരിൽ മുത്തയാൾ ആഗ്ര ദയാൽബാഗിലെ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിച്ചിരുന്നത്. ഇവിടെ വച്ചാണ് സൈമയെ പരിചയപ്പെടുന്നത്. പെൺകുട്ടിയെ സൈമ നിരന്തരം ബ്രെയിൻവാഷ് ചെയ്തിരുന്നു. പിന്നാലെ 2021 ൽ പെൺകുട്ടിയെ കാണാതായി. കുറച്ച് ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ആളാകെ മാറിയിരുന്നു. ഇസ്ലാമിക രീതികളാണ് മകൾ പിന്തുടർന്നത്. പിന്നീട് ഇളയ സഹോദരിയെ മുത്തമകൾ ബ്രെയിൻ വാഷ് ചെയ്യാൻ തുടങ്ങിയെന്നും കുടുംബം പരാതിയിൽ പറഞ്ഞു.
പെൺകുട്ടികളെ സൈമയാണ് കൂട്ടിക്കൊണ്ടു പോയതെന്ന് എഫ്ഐആറിൽ പറയുന്നു. ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന
മതപരിവർത്ത ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടികൾ മതം മാറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് സഹോദരിമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ വിദഗ്ധർ പരിശോധിച്ച് വരികയാണ്. സംശയാസ്പദമായ മറ്റ് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.