കണ്ണൂർ: ബിഷപ് ഹൗസിൽ ധനസഹായം ചോദിച്ചെത്തിയയാൾ വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ചു. അഡ്മിനിസ്ട്രേറ്ററായ ഫാ. ജോർജ് പൈനാടത്തിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കണ്ണൂർ ബിഷപ്പ് ഹൗസിലാണ് സംഭവം. കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹായം അഭ്യർത്ഥിച്ചാണ് പ്രതി ബിഷപ് ഹൗസിലെത്തിയത്. പണമെടുക്കാനായി വൈദികൻ മുറിക്കുള്ളിലേക്ക് പോയി. തുടർന്ന് പണവുമായി എത്തിയ വൈദികൻ പണം ഇയാൾക്ക് നൽകി. ധനസഹായം കുറഞ്ഞുപോയെന്ന് ആരോപിച്ച് പ്രതി വൈദികനുമായി വാക്കുതർക്കമുണ്ടായി. പ്രകോപിതനായ ഇയാൾ കറിക്കത്തിക്കൊണ്ട് വൈദികനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
വധശ്രമം ഉൾപ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ആക്രമണത്തിൽ വൈദികന്റെ വലത് കൈയ്‌ക്കും വയറിനും പരിക്കേറ്റിട്ടുണ്ട്.