ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. പത്ത് കോടി രൂപയുടെ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന വിദേശ വനിതയെ സിസിബിയും ചിക്കജാല പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സ്ത്രീയിൽ നിന്ന് പത്ത് കോടി രൂപ വില മതിക്കുന്ന 5.325 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
രാജനുകുണ്ടെ മെയിൻ റോഡിലെ താരഹുനാസെ ഗ്രാമത്തിൽ വെച്ചാണ് ‘അകിൻവുൻമി പ്രിൻസസ് ഇഫിയോലുവ’ എന്ന പ്രിൻസസ് അറസ്റ്റിലായത്. 25 കാരിയായ ഇവർ ഹെയർഡ്രെസ്സറും നെയിൽ ആർട്ടിസ്റ്റുമാണ്. വിദേശ പൗരത്വമുള്ളയാൾ ചിക്കജാലയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 10 ചൊവ്വാഴ്ച പൊലീസ് പ്രിൻസസിനെ റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുത്തത്.എംഡിഎംഎ ക്രിസ്റ്റലുകൾക്ക് പുറമേ, ഒരു ഐഫോണും പുതിയ ചുരിദാറുകൾ നിറച്ച ഒരു ബാഗും ഇഅവരിൽ നിന്ന് കണ്ടെടുത്തു.അവർ ആ ദിവസമാണ് ഡൽഹിയിൽ നിന്ന് ബസിൽ ബെംഗളൂരുവിൽ എത്തിയത് എന്ന് പോലീസ് വെളിപ്പെടുത്തി.
നൈജീരിയക്കാരിയായ പ്രിൻസസ് 2021 ഒക്ടോബർ 4 ന് ബിസിനസ് വിസയിൽ ഡൽഹിയിൽ എത്തി. പിന്നീട് ഹൈദരാബാദിൽ പഠിക്കാൻ വേണ്ടി വിദ്യാർത്ഥി വിസ നേടി എന്ന് പറയുന്നു. എന്നാൽ, അവർ ഒരു കോളേജിലും പ്രവേശനം തേടിയില്ലെന്നും പകരം മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടതായും വിവരം പുറത്തുവന്നിട്ടുണ്ട്. അവരുടെ വിസ കാലാവധി കഴിഞ്ഞതായി പോലീസ് പറഞ്ഞു.
താൻ വെറുമൊരു കാരിയർ മാത്രമാണെന്നും നൈജീരിയയിൽ നിന്നുള്ള തന്റെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹിയിൽ നിന്ന് ഒരു ബാഗ് ബെംഗളൂരുവിൽ എത്തിച്ചതേയുള്ളെന്നും പ്രിൻസസ് അവകാശപ്പെട്ടു. ഒരു സലൂൺ തുടങ്ങാൻ ബെംഗളൂരുവിൽ എത്തിയതാണെന്ന് അവർ പോലീസിനോട് പറഞ്ഞു.
ഈ വർഷം മാർച്ചിൽ ഇലക്ട്രോണിക്സ് സിറ്റിയിൽ നിന്ന് 75 കോടി രൂപ വിലമതിക്കുന്ന 37.878 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകൾ ബംഗളുരു പോലീസ് പിടികൂടുകയും രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.















