ന്യൂഡൽഹി: ജൂൺ 15 മുതൽ അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡിറ്ററേനിയൻ രാജ്യങ്ങളായ സൈപ്രസിലും ക്രൊയേഷ്യയിലും ഒപ്പം കാനഡയിലുമാണ് മോഡി ഔദ്യോഗിക സന്ദർശനം നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. ഖാലിസ്ഥാനി വിഷയത്തിൽ ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനുശേഷമുള്ള യാത്രയായതിനാൽ പ്രധാനമന്ത്രിയുടെ കാനഡ സന്ദർശനവും പ്രാധാന്യമർഹിക്കുന്നു.
പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിൽ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം, ജൂൺ 16-17 തീയതികളിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ജൂൺ 15-16 തീയതികളിൽ സൈപ്രസിലേക്കാണ് ആദ്യ യാത്ര. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം ഈ മെഡിറ്ററേനിയൻ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിസ്ഡിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ജൂൺ 18 ന് ക്രൊയേഷ്യൻ സന്ദർശനത്തോടെ യാത്ര അവസാനിക്കും. സന്ദർശനവേളയിൽ പ്രധാനമന്ത്രി ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. യൂറോപ്യൻ യൂണിയനിലെ പങ്കാളികളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.