അഹമ്മദാബാദ്: വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. 230 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 12 ക്രൂ അംഗങ്ങളും മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവരും ഉൾപ്പെടെ 270 പേരുടെ മൃതദേഹം സിവിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മെഡിക്കൽ ഹോസ്റ്റൽ സ്ഥിതിചെയ്യുന്ന മേഘാനിനഗറിലെ വിമാനാപകടമുണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിൽ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന നിരവധി വിദ്യാർത്ഥികളെയും പ്രദേശവാസികളെയും കാണാതായാണ് വിവരം. ഇവരുടെ ബന്ധുക്കളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കും.
ഡിഎൻഎ പരിശോധന പൂർത്തിയായാൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കെട്ടിടത്തിന് മുകളിലുള്ള വിമാനത്തിന്റെ ഭാഗം നീക്കം ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.















