ഇടുക്കി: പീരുമേട്ടിലെ വനവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് സീത(54) മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഭാര്യ മരിച്ചെന്നാണ് ഭർത്താവ് ബിനു പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ബിനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ഉച്ചയ്‌ക്കാണ് സീതയുടെ മൃതദേഹവുമായി ഭർത്താവും രണ്ട് മക്കളും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വനവിഭവം ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ച് ആന ആക്രമിച്ചെന്നാണ് ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. എന്നാൽ പ്രാഥമിക പരിശോധയിൽ കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ഡോക്ടർമാർക്കും വനം വകുപ്പ് അധികൃതർക്കും സംശയം തോന്നിയിരുന്നു.
സീതയുടെ ശരീരത്തിൽ മൽപ്പിടുത്തം നടന്നതിന്റെ പാടുകൾ ഉണ്ട്. കഴുത്തിൽ ശക്തിയായി അമർത്തി ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തന്നെയും കാട്ടാന ആക്രമിച്ചെന്നായിരുന്നു ബിനു പൊലീസിന് നൽകിയ മൊഴി. ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.















