ഇടവേളയ്‌ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം വിരുന്നെത്തുന്നു. ന്യൂസിലൻഡ് പരമ്പരയിലെ ഒരു മത്സരത്തിന് തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകമെന്ന് ഏതാണ്ട് ഉറപ്പായി. എട്ടുവേദികളാണ് ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ടി20 മത്സരത്തിനാകും അനന്തപുരി വേദിയാവുക.
തിരുവനന്തപുരത്തെ കുടാതെ ഗുവാഹത്തി, ഇൻഡോർ, മൊഹാലി, രാജസ്ഥാൻ, ഹൈദരാബാദ്, ജയ്പൂർ,നാഗ്പൂർ എന്നിവയാണ് മറ്റു വേദികൾ. മൂന്ന് ഏകദിനവും അഞ്ചു ടി20യുമാണ് ന്യൂസിലൻഡ് കളിക്കുക. ജനുവരി ആദ്യമാകും മത്സരങ്ങൾ. തീയതികൾ പിന്നീട് തീരുമാനിക്കും. സഞ്ജു സാംസൺ ഉൾപ്പെടുന്ന ടീമാകുമോ ഇവിടെ കളിക്കുന്നത് എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
2023 നവംബർ 26-നാണ് കാര്യവട്ടം അവസാനമായി ഒരു രാജ്യാന്തര മത്സരത്തിന് വേദിയായത്. അത് ഇന്ത്യ-ഓസ്ട്രേലിയ ടി20യായിരുന്നു. മത്സരത്തിൽ 44 റൺസിന് ഇന്ത്യ വിജയിക്കുകയും ചെയ്തു. യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിലായിരുന്നു ജയം. അതേസമയം അടുത്ത ഏപ്രിലിലും തലസ്ഥാനത്ത് ഒരു രാജ്യാന്തര മത്സരം കൂടി നടത്തിയേക്കും. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ അറിയിച്ചിട്ടുണ്ട്.















