റായ്‌പൂർ: 2024-ൽ ഛത്തീസ്ഗഢിൽ സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണക്കേസിൽ 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഇതിൽ 16 പ്രതികളും ഒളിവിലാണ്. സോഡി ബമൻ എന്ന ദേവാൽ മാത്രമാണ് കേസിൽ അറസ്റ്റിലായ ഏകപ്രതി.
ഒളിവിൽ പോയവരിൽ രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ (CCM), രണ്ട് പ്രത്യേക സോണൽ/സംസ്ഥാന കമ്മിറ്റി അംഗങ്ങൾ (SZC/SCM), PLGA BN നമ്പർ 01, തെലങ്കാന സംസ്ഥാന കമ്മിറ്റി, പാമെഡ് ഏരിയ കമ്മിറ്റി എന്നിവയുടെ ഉന്നത കേഡർമാർ എന്നിവരും ഉൾപ്പെടുന്നു.
ഇവർക്കെതിരെ ഐപിസി, ആയുധ നിയമം, സ്ഫോടകവസ്തു നിയമം, യുഎ (പി) നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ജഗ്ദൽപൂരിലെ എൻഐഎ പ്രത്യേക കോടതിയിൽ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചത്.
2024 ജനുവരി 16 ന് ബിജാപൂർ ജില്ലയിലെ ധർമ്മവാരത്തുള്ള സിആർപിഎഫിന്റെ പുതിയ ക്യാമ്പിനും സമീപത്തുള്ള ചിന്തവാഗു, പാമെഡ് എന്നിവിടങ്ങളിലെ രണ്ട് സിആർപിഎഫ്/കോബ്ര ക്യാമ്പുകൾക്കും നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടതാണ് കേസ്. ക്യാമ്പുകളിൽ നിന്ന് സുരക്ഷാ സേനയുടെ ആയുധങ്ങളും മറ്റ് വസ്തുക്കളും കൊള്ളയടിക്കാൻ അക്രമികൾ ശ്രമിച്ചിരുന്നു. ധർമ്മവാരം സിആർപിഎഫ് ക്യാമ്പിലെ പന്ത്രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
2024 ഫെബ്രുവരി 9 ന് ലോക്കൽ പൊലീസിൽ നിന്ന് എൻഐഎ കേസ് ഏറ്റെടുക്കുകയും നിരോധിത ഭീകര സംഘടനയായ സിപിഐ (മാവോയിസ്റ്റ്) യിലുള്ള 21 പേർക്കും അജ്ഞാതരായ 250-300 സായുധ കേഡർമാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു .