ഷൈൻ ടേം ചാക്കോയെ കുറിച്ച് ഓർമകൾ പങ്കുവച്ച് താരത്തിന്റെ സ്കൂൾ അദ്ധ്യാപിക. പൊന്നാനി സ്കൂളിലെ അദ്ധ്യാപികയായിരുന്നു ബിന്ദുവാണ് തന്റെ പഴയ വിദ്യാർത്ഥിയെ കുറിച്ച് മനസുതുറക്കുന്നത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ പങ്കുവയ്‌ക്കുന്നത്.
ക്ലാസിൽ അധികം ആക്ടീവല്ലാത്ത വിദ്യാർത്ഥി ആയിരുന്നെങ്കിലും കലോത്സവത്തിലെ ഷൈനിന്റെ പ്രകടനം തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് അദ്ധ്യാപിക കുറിപ്പിൽ പറയുന്നു. പ്ലസ് വൺ ക്ലാസിൽ ഷൈനിനെ പഠിപ്പിച്ചതിനെ കുറിച്ചാണ് അദ്ധ്യാപിക ഓർത്തെടുക്കുന്നത്. ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ ബെസ്റ്റ് ആക്ടറായി ഷൈൻ സ്കൂളിന്റെയും നാടിന്റെയും പ്രിയപ്പെട്ടവനായി മാറിയെന്നും അദ്ധ്യാപിക കുറിച്ചു.
ഗദ്ദാമ സിനിമയിൽ ഷൈനിന്റെ പ്രകടനം കണ്ടതിനെ കുറിച്ചുള്ള അനുഭവവും അവർ പങ്കുവച്ചു. പിന്നീട് പുറത്തിറങ്ങിയ പല നെഗറ്റീവ് കഥാപാത്രങ്ങളും കണ്ടപ്പോൾ കാഴ്ചക്കാരിൽ വല്ലാത്തൊരു എടങ്ങാറുണ്ടാക്കി. ആ ഇടങ്ങാറുണ്ടാക്കാന്‍ കഴിയുന്നതിലാണല്ലോ നടനെന്ന നിലയില്‍ തന്റെ കുട്ടിയുടെ മിടുക്കെന്ന് ചിന്തിച്ചുവെന്നും അദ്ധ്യാപിക കുറിച്ചു.
ഓൺലൈൻ ഇന്റർവ്യൂകൾക്ക് നൽകുന്ന അഭിമുഖത്തിൽ ഉരുളയ്‌ക്ക് ഉപ്പേരി പോലെ കൊടുക്കുന്ന മറുപടി താനും ആസ്വദിച്ചിട്ടുണ്ട്. ഷൈനിനെ പഠിപ്പിച്ചതാണെന്ന് പറഞ്ഞ് ഞെളിയേണ്ടെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു രാത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുന്ന ചങ്ങാതിയുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി. ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിൽക്കുന്ന അച്ഛനെ അവന് നഷ്ടമായെന്ന വാർത്ത കണ്ടപ്പോൾ സങ്കടം തോന്നി. ആ നേരം ഷൈനിനെ നോക്കി പരിഹസിക്കാനും കുറ്റപ്പെടുത്താനും നോക്കുന്ന പലരെയും കണ്ടപ്പോഴാണ് അതിനേക്കാൾ സങ്കടം തോന്നിയത്.
മലയാള സിനിമയില്‍ നീയുണ്ടാവണമെന്ന് എന്നെ പോലെ കുറേയാളുകള്‍ക്ക് നല്ല നിര്‍ബന്ധമുണ്ട്. നിന്റെ ശീലം പോലെ ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക. സിനിമയില്‍ അഭിനയിച്ചു ജീവിക്കുക. നിന്റെ പഴയ ബിന്ദു ടീച്ചര്‍- അദ്ധ്യാപിക കുറിച്ചു.















