വൈക്കം വെട്ടിക്കാട്ട്മുക്ക് പാലത്തിൽ നിന്നും ആറ്റിൽ ചാടിയ സ്കൂട്ടർ യാത്രികന്റെ മൃതദേഹം കണ്ടെത്തി.മാന്നാർ പൂഴിക്കോൽ കരോട്ട് പുത്തൻപുരയ്‌ക്കൽ കെ.എൻ ബൈജുവിന്റെ (56) മൃതദേഹമാണ് കണ്ടെത്തിയത്. മൂവാറ്റുപുഴയാറിന്റെ കാട്ടിക്കുന്ന് തീരത്ത് പാലാക്കരി ഫിഷ് ഫാമിന് സമീപം പൊങ്ങിയ നിലയിൽ ഉച്ചയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്.വെള്ളിയാഴ്ച പുലർച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തിൽ നിന്നും ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഇയാൾ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയിരുന്നു
ഇതോടെയാണ് ആറ്റിൽ ചാടിയതാകാമെന്ന സംശയം ഉയർന്നത്. പൊലീസും അഗ്നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതൽ രാത്രി വൈകിയും മൂവാറ്റുപുഴ ആറ്റിൽ തിരച്ചിൽ നടത്തിരുന്നു.ശനിയാഴ്ച രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു
റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് ബൈജു. വീടും സ്ഥലവും വിൽക്കുന്ന കാര്യത്തിനായി കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ നിന്നും പോയതാണ്. ഏറെ നേരം കഴിഞ്ഞും മടങ്ങിയെത്താതിരിക്കുകയും ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയും ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.















