ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മുകശ്മീർ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു. ഭീകരാക്രമണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കൂടുതൽ സുരക്ഷയിൽ കശ്മീർ വിനോദസഞ്ചാരം മടങ്ങിവരുന്നത്. അടുത്താഴ്ച മുതൽ കശ്മീരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ അറിയിച്ചു.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന അനേകം ആളുകളാണ് കശ്മീരിലുള്ളത്. അവരുടെ ഉപജീവനമാർഗത്തിന് വെല്ലുവിളിയായിരുന്നു പഹൽഗാം ഭീകരാക്രമണം. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ അടച്ചുപൂട്ടിയ വിനോദസഞ്ചാരമേഖല വീണ്ടും തുറക്കുന്നത് പാവപ്പെട്ട ജനതയ്‌ക്ക് വലിയൊരു ആശ്വാസമാകും.
വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ കഴിഞ്ഞ ദിവസമാണ് മനോജ് സിൻഹ ഉത്തരവിട്ടത്. പഹൽഗാം മാർക്കറ്റ്, വെരിനാഗ് ഗാർഡൻ, കൊക്കർനാഗ് ഗാർഡൻ തുടങ്ങിയവ വരുന്ന 17-ന് തുറക്കും. എക്സിലൂടെയാണ് മനോജ് സിൻഹ ഇക്കാര്യം അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീർ വിനോദസഞ്ചാരമേഖലയെ തിരിച്ചുകൊണ്ടുവരാനും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. അടുത്തിടെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്.















