ഡെറാഡൂൺ: കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു അപകടം. പുലർച്ചെ 5.20-നാണ് സംഭവം നടന്നത്.
ഒരു കുട്ടി ഉൾപ്പെടെ ആറ് തീർത്ഥാടകരും പൈലറ്റുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് സ്വദേശികളാണ് ഇവർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ചാമത്തെ സംഭവമാണിത്. സാങ്കേതിക പ്രശ്നങ്ങളും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണം.
കന്നുകാലിയെ മേയ്‌ക്കാനെത്തിയവരാണ് വനത്തിനുള്ളിൽ തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. ദേശീയ- സംസ്ഥാന ദുരന്തനിവാരണസേനകൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണെന്നും മരിച്ചവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.