നിലമ്പൂർ: ഇസ്രായേലിനെ തെമ്മാടിരാജ്യം എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് പാകിസ്ഥാനെ തെമ്മാടിരാജ്യം എന്ന് വിളിക്കാത്തതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. നിലമ്പൂരിൽ ഇടതു വലതു മുന്നണികൾ വർഗീയ രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും യഥാർത്ഥ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പഹൽഗാമിൽ നിരപരാധികളായ 26 പേരെ പാകിസ്ഥാൻ ഭീകരവാദികൾ കൊലപ്പെടുത്തിയത്. ലോകം മുഴുവൻ പാക് ഭീകരവാദത്തെ അപലപിച്ചു. എന്നിട്ടും പാകിസ്ഥാന ഈ രീതിയിൽ ആക്ഷേപിക്കാൻ കേരള മുഖ്യമന്ത്രി തയ്യാറായിട്ടില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്ഥാനെതിരെ ഇത്തരം പദം പ്രയോഗിക്കാൻ മുഖ്യമന്ത്രിയെ ആരാണ് വിലക്കുന്നത്. ആരെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇസ്രായേലിനെതിരെ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതെന്ന് വ്യക്തമാണ്. ഇത് നിലമ്പൂരിലെ ആളുകൾ സ്വാഭാവികമായി ചർച്ച ചെയ്യും. മതപരമായ താത്പര്യങ്ങൾ ഉയർത്തിപിടിച്ചാണ് എൽഡിഎഫും യുഡിഎഫും പ്രചരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.















