ഉണ്ണി മുകുന്ദൻ നായകനായി ബോക്സോഫീസിൽ വൻ ഹിറ്റായ ചിത്രമാണ് മാർക്കോ. കേരളത്തിന് പുറമേ തമിഴിലും തെലുങ്കിലും വൻ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. മാർക്കോയുടെ രണ്ടാം വരവിനായി കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ നടത്തിയത്.
മാർക്കോയുടെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും അത് ഉപേക്ഷിച്ചെന്നും താരം വ്യക്തമാക്കി. ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയുടെ കമന്റ് ബോക്സിൽ മാർക്കോ 2-നെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.
“മാർക്കോ 2 കൊണ്ടുവരാനുള്ള പ്ലാൻ ഞങ്ങൾ ഉപേക്ഷിച്ചു. ഒരുപാട് നെഗറ്റീവാണ് ചിത്രത്തിന് ചുറ്റുമുള്ളത്. മാർക്കോയെക്കാൾ മികച്ച ചിത്രം കൊണ്ടുവരാൻ ഞാൻ ശ്രമിക്കും. നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി”-ഉണ്ണി മുകുന്ദൻ കുറിച്ചു.
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം 100 കോടിയിലധികം നേടിയിരുന്നു. ക്രിസ്തുമസ് റിലീസായി എത്തിയ മാർക്കോ മലയാള സിനിമാമേഖലയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.















