എറണാകുളം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി സ്വദേശിയായ മുഹമ്മദ് ഷെരീഫാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഇഎം മുഹമ്മദിനെയാണ് പ്രതികൾ ഇടിച്ചിട്ടത്.
പ്രതി മുഹമ്മദ് ഷെരീഫിന്റെ സുഹൃത്തുക്കളാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കൊപ്പം തൊടുപുഴ സ്വദേശിയായ ആസിഫ് നിസാറും കാറിലുണ്ടായിരുന്നു. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
എസ്ഐയെ ഇടിച്ച കാറും തിരിച്ചറിഞ്ഞു. രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വാഹനം പരിശോധിക്കാൻ ശ്രമിച്ച എസ്ഐയെ പ്രതികൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്.















