ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും കുടുംബവും ഭൂഗർഭ ബങ്കറിൽ ഒളിച്ചതായി റിപ്പോർട്ട്. വടക്കുകിഴക്കൻ ടെഹ്‌റാനിലെ ഒരു ഭൂഗർഭ ബങ്കറിലാണ് ഖമേനിയെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഖമേനിയുടെ മകൻ മൊജ്തബ ഉൾപ്പെടെ മുഴുവൻ കുടുംബവും ഖമേനിക്കൊപ്പമുണ്ടെന്നാണ് വിവരം. മുൻപും ഇറാനിൽ സംഘർഷമുണ്ടാകുമ്പോൾ ഖമേനി കുടുംബത്തെയും കൂട്ടി ബങ്കറിൽ ഒളിക്കാറുണ്ടെന്നും മാദ്ധ്യമ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വലംകൈയായിരുന്ന ആണവശാസ്ത്രജ്ഞരും കമാൻഡർമാരും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഖമേനി ഒളിസങ്കേതത്തിലേക്ക് മാറിയത്. ഞായറാഴ്ച മഷാദ് നഗരത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് ഖമേനിക്കുള്ള മുന്നറിയിപ്പാണ് എന്നാണ് വിലയിരുത്തൽ. ലോകത്തിന് തന്നെ ഭീഷണിയായ ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് അന്ത്യം കുറിക്കുക എന്നതാണ് ഓപ്പറേഷൻ റൈസിംഗ് ലയണിന്റെ ലക്ഷ്യമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.
ഓപ്പറേഷന്റെ ആദ്യ ദിവസം തന്നെ ഖമേനിയെ ഇസ്രായേലിന് ഇല്ലാതാക്കാമായിരുന്നു. എന്നാൽ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണ്ണമായും അവസാനിപ്പാക്കാൻ ഖമേനിക്ക് ഒരു അവസരം കൂടി നൽകാൻ ഇസ്രായേൽ തീരുമാനിച്ചു. അതിന് വേണ്ടി മാത്രമാണ് ഖമേനിയെ കൊല്ലാതെ നിലനിർത്തിയത്, ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച ടെഹ്‌റാനിൽ നടന്ന ആക്രമണങ്ങളിൽ ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ ഇന്റലിജൻസ് മേധാവി മുഹമ്മദ് കസെമിയും ഡെപ്യൂട്ടിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.